ഉദയനിധിയുടെ തല കൊയ്യാൻ 10 കോടി വാഗ്ദാനം ചെയ്ത സന്യാസിക്കെതിരെ കേസെടുത്ത് മധുര പൊലീസ്

ചെന്നൈ : സനാതന ധർമത്തെ പകർച്ചവ്യാധികളോട് ഉപമിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത ഉത്തർപ്രദേശിൽനിന്നുള്ള സന്യാസിയും സംഘപരിവാർ അനുയായിയുമായ രാമചന്ദ്ര ദാസ് പരമഹംസ ആചാര്യയ്‌ക്കെതിരെ കേസ്. തമിഴ്നാട്ടിലെ മധുര സിറ്റി പൊലീസാണ് സന്യാസിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. ഡ‍ിഎംകെ നിയമവിഭാഗത്തിന്റെ പരാതിയിലാണ് കേസ്. ഉദയനിധിയുടെ തല വെട്ടാൻ ആഹ്വാനം ചെയ്യുന്ന വിഡിയോ പകർത്തി പങ്കുവച്ച ആൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. മാധ്യമപ്രവർത്തകനായ പിയൂഷ് റായി‌ക്കെതിരെയാണ് വിഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചതിന് കേസെടുത്തത്.

‘‘ഉദയനിധി സ്റ്റാലിന്റെ ശിരസ് ഛേദിച്ച് അതുമായി എന്റെയടുത്ത് വരുന്നവർക്ക് ഞാൻ 10 കോടി രൂപ നൽകും. ആരും അതിനു തയാറാകുന്നില്ലെങ്കിൽ, ഞാൻ തന്നെ അയാളെ കണ്ടെത്തി കൊലപ്പെടുത്തും’ – ഇതായിരുന്നു അയോധ്യയിലെ തപസ്വി ചാവ്‌നി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ കൂടിയായ പരമഹംസ ആചാര്യയുടെ വാക്കുകൾ.

അതേസമയം, തനിക്കെതിരെ ഉയർന്ന ഭീഷണികളെ ഉദയനിധി പരിഹസിച്ചു തള്ളിയിരുന്നു. തമിഴ്നാടിനു വേണ്ടി ജീവൻ ബലി കൊടുക്കാൻ തയാറായ വ്യക്തിയുടെ ചെറുമകനാണു താനെന്ന് വിശദീകരിച്ചുകൊണ്ടായിരുന്നു ഇത്. തന്റെ തലമുടി ചീകിവയ്ക്കാൻ വെറും 10 രൂപയുടെ ചീപ്പ് മതിയെന്നായിരുന്നു സന്യാസിയുടെ 10 കോടി രൂപ വാഗ്ദാനത്തിന് ഉദയനിധിയുടെ മറുപടി. ഭീഷണി ഉയർന്ന സാഹചര്യത്തിൽ മന്ത്രിയുടെ സുരക്ഷ വർധിപ്പിച്ച‌ിരുന്നു. ചെന്നൈയിലെ വസതിക്കു മുന്നിൽ കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്തു.

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആർട്ടിസ്‌റ്റ് അസോസിയേഷൻ സമ്മേളനത്തിൽ ശനിയാഴ്ചയാണ് ഉദയനിധി വിവാദ പരാമർശങ്ങൾ നടത്തിയത്. ഡെങ്കിപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ വൈറസ് എന്നിവയെപ്പോലെ സനാതന ധർമത്തെയും ഉന്മൂലനം ചെയ്യണമെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.

Top