തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ടിന്റെ മുഖപത്രമായ തേജസിനു പിന്നാലെ ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മാധ്യമം പത്രവും പ്രസിദ്ധീകരണം നിര്‍ത്താന്‍ നീക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഗള്‍ഫു രാജ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിലും വിദേശ ഫണ്ടിലുമുള്ള ഇടിവാണ് മാധ്യമത്തെ പ്രതിസന്ധിയിലാക്കിയത്. സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഡിസംബര്‍ 31ന് പത്രം അടച്ചുപൂട്ടുകയാണെന്ന് തേജസ് മാനേജ്‌മെന്റ് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നു. തേജസ് ജീവനക്കാര്‍ക്ക് ഇതു സംബന്ധിച്ച നോട്ടീസും നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ പരസ്യം നിഷേധിച്ചില്ലെങ്കിലും വിദേശ ഫണ്ടിങ് നിലച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് മാധ്യമം പത്രം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്കായി അടുത്തിടെ പത്രത്തിന്റെ ആവശ്യത്തിലേക്കായി 10 കോടി രൂപ വായ്പ വാങ്ങിയെന്നാണ് വിവരം. 800 ഓളം ജീവനക്കാരുള്ള മാധ്യമത്തില്‍ വേജ് ബോര്‍ഡ് നടപ്പാക്കിയതിനാല്‍ ശമ്പള ഇനത്തില്‍ വന്‍തുകയാണ് ചെലവ്. പരസ്യവരുമാനത്തില്‍ വന്‍ ഇടിവാണുണ്ടായിട്ടുള്ളത്. ഗള്‍ഫ് മാധ്യമം വഴിയുള്ള വരുമാനം നിലച്ച മട്ടാണ്. ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദേശ ഫണ്ടും പ്രതിസന്ധിയിലാണ്.
വിദേശ ഫണ്ട് സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച കടുത്ത നിലപാടും നിയന്ത്രണങ്ങളും മാധ്യമത്തിനു തിരിച്ചടിയായി. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള പല കടലാസ് സംഘടനകള്‍ക്കും കോടികളുടെ വിദേശ ഫണ്ടാണ് ഒഴുകിയെത്തിയിരുന്നത്. ഖത്തറിനു മേലുള്ള യു.എസ് ഉപരോധം അടക്കമുള്ളവ കാരണം വിദേശ ഫണ്ട് ലഭിക്കുന്നില്ല.
തീവ്രവാദബന്ധമടക്കമുള്ള ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. 1987 ജൂണ്‍ ഒന്നിന് കോഴിക്കോട് വെള്ളിമാട്കുന്നില്‍ നിന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ നിയണത്തിലുള്ള ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലാണ് മാധ്യമം പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്. പി.കെ ബാലകൃഷ്ണനായിരുന്നു സ്ഥാപക പത്രാധിപര്‍. വായനക്കാരുടെ എണ്ണത്തില്‍ കേരളത്തില്‍ നാലാം സ്ഥാനവും മികച്ച വളര്‍ച്ചാ നിരക്കുമായിരുന്നു മാധ്യമത്തിന്റെ കൈമുതല്‍. കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കൊച്ചി, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, ബാംഗളുരു, മംഗലാപുരം, മുംബൈ എന്നീ 10 ഇന്ത്യന്‍ എഡിഷനുകളും ഒമ്പത് ഗള്‍ഫ് എഡിഷനുകളുമായി 19 എഡിഷനുള്ള പത്രമായി മാധ്യമം വളര്‍ന്നിരുന്നു. വിദേശത്ത് അച്ചടിക്കുന്ന ആദ്യ ഇന്ത്യന്‍ ദിനപത്രമായിരുന്നു മാധ്യമം. 1999 ഏപ്രില്‍ 16ന് ബഹ്‌റൈനില്‍ വച്ചാണ് ഗള്‍ഫ് മാധ്യമം പ്രസിദ്ധീകരണം ആരംഭിച്ചത്. ഒ. അബ്ദുറഹിമാനാണിപ്പോള്‍ മാധ്യമം പത്രത്തിന്റെയും മീഡിയവണ്‍ ചാനലിന്റെയും എഡിറ്റര്‍.
ജമാഅത്തെ ഇസ്ലാമിക്കോ ഐഡിയല്‍ പബ്ലിക്കേഷനോ ആയിരുന്നില്ല ഗള്‍ഫ് മാധ്യമത്തിന്റെ ഉടമസ്ഥാവകാശം. വി.കെ ഹംസ അബ്ബാസായിരുന്നു ഗള്‍ഫ് മാധ്യമത്തിന്റെ ചീഫ് എഡിറ്ററും ഉടമയും. വാര്‍ത്തകള്‍ക്കും രൂപകല്‍പ്പന അടക്കമുള്ളവക്ക് മാധ്യമം പത്രത്തിന് എഡിറ്റോറിയില്‍ സഹകരണത്തിന് നിശ്ചിക തുക നല്‍കുകയും പരസ്യവരുമാനമടക്കമുള്ളവ ഹംസ അബ്ബാസ് എടുക്കുന്നതുമായിരുന്നു കരാര്‍. മാധ്യമത്തിന്റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്ന വമ്പന്‍ സംഗീത, നൃത്ത പരിപാടികളുടെ വരുമാനവും ഹംസ അബ്ബാസിനായിരുന്നു.
സൗദിയിലെ സ്വദേശി വല്‍ക്കരണം കാരണം ചെറുകിട കച്ചവടക്കാര്‍ പൂട്ടിപ്പോയതോടെ പരസ്യവരുമാനം ഗണ്യമായി കുറഞ്ഞു. നിതാഖത്തില്‍ മലയാളികള്‍ കൂട്ടത്തോടെ നാട്ടിലേക്കുമടങ്ങിയതോടെ വായനക്കാരുടെ എണ്ണത്തിലും കുറവുണ്ടായി. വിദേശ ഫണ്ടുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണം വന്നതോടെ ജീവനക്കാരുടെ ശമ്പളവും പ്രതിസന്ധിയിലായി. അല്‍ജസീറ മോഡലില്‍ മലയാളത്തില്‍ 2013ല്‍ മീഡിയ വണ്‍ ന്യൂസ് ചാനല്‍ തുടങ്ങിയെങ്കിലും അതും ലാഭത്തിലായില്ല. പ്രതിസന്ധി കാരണം മീഡിയ വണ്ണില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മാധ്യമം പത്രത്തില്‍ അടുത്തിടെ ജീവനക്കാര്‍ക്ക് ശമ്പളവും ഘട്ടംഘട്ടമായാണ് നല്‍കിയിരുന്നത്. ഇത്തരത്തില്‍ കടംവാങ്ങി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവില്ലെന്ന നിലപാടിലാണ് മാധ്യമം മാനേജ്‌മെന്റ്. തേജസിന്റെ വഴി തെരഞ്ഞെടുത്ത് കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാകും മുന്‍പേ പ്രവര്‍ത്തനം നിര്‍ത്തി ഓണ്‍ലൈനില്‍ ശ്രദ്ധകേന്ദ്രീകരിക്കാമെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. എന്തു പ്രതിസന്ധി അതിജീവിച്ചും മാധ്യമം നിലനിര്‍ത്തണമെന്ന അഭിപ്രായം ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിലെ ചിലര്‍ക്കുണ്ട്.