മധ്യപ്രദേശ് ബിജെപിയെ സംബന്ധിച്ച് നിര്‍ണ്ണായകമായ സംസ്ഥാനമാണ്. ബിജെപി തുടര്‍ച്ചയായി ഭരണം നില നിര്‍ത്തുന്ന ഇവിടെ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് പാര്‍ട്ടി. യുവാക്കളെ രംഗത്തിറക്കി ഇതിനെ പ്രതിരോധിക്കാനാണ് കോണ്‍ഗ്രസും ശ്രമിക്കുന്നത്. 2003ന് ശേഷം തുടര്‍ച്ചയായ ബിജെപി ഭരണം ഉണ്ടായിരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. രാജസ്ഥാനെപ്പോലെ തന്നെ ഹിന്ദുത്വ വികാരത്തിന് വളരെ വളക്കൂറുള്ള മണ്ണാണ് ഇവിടം. അത് കൊണ്ടാണ് രാഹുല്‍ഗാന്ധി പോലും ശിവലിംഗ പൂജ ചെയ്യുന്ന ഫോട്ടോകളുമായി പോസ്റ്ററുകള്‍ വച്ച് പ്രചരണ റാലികള്‍ നടത്തുന്നത്, മാനസരോവര്‍- കൈലാസ യാത്രയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നത്. മധ്യപ്രദേശ് ബിജെപിയെ സംബന്ധിച്ച് വലിയ പ്രതീക്ഷയുള്ള സംസ്ഥാനമാണ്.
ശിവരാജ് സിംഗ് ചൗഹാന്റെ ഭരണത്തില്‍ വലിയ പ്രതിസന്ധികള്‍ ഇതു വരെ നേരിടേണ്ടി വന്നിട്ടില്ല എന്നത് ബിജെപിയുടെ ബലമാണ്. ചൗഹാന്റെ നേതൃത്വത്തിലുള്ള ജന ആശിര്‍വാദ് യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ഉണ്ടായത്. കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്വിജയ് സിംഗ് എന്നിവരുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പക്ഷേ, മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതില്‍ സമവായത്തില്‍ എത്താന്‍ സാധിക്കാത്തത് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ പ്രതിസന്ധി സൃഷ്ടിക്കുന്നു. നിലവില്‍ ലോക്സഭാംഗങ്ങളാണ് കമല്‍നാഥും സിന്ധ്യയും. ഛിന്ദ്വാഡയെ പ്രതിനിധീകരിച്ച് 9ാം തവണയാണ് പിസിസി അധ്യക്ഷനായ കമല്‍നഥ് ലോക്‌സഭയില്‍ എത്തുന്നത്. സിന്ധ്യ പ്രതിനിധാനം ചെയ്യുന്നത് ഗുണ ലോക്സഭാ മണ്ഡലവും. പാര്‍ട്ടി കണ്‍വീനര്‍ അലോക് അഗ്രവാളിനെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ആം ആദ്മി പാര്‍ട്ടി (എഎപി) പ്രഖ്യാപിച്ചിട്ടുണ്ട്. ഭോപാല്‍ സൗത്ത് വെസ്റ്റ് സീറ്റില്‍ നിന്നാണു മല്‍സരിക്കുക.
സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് ബിഎസ്പിയുമായി ധാരണയുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. ഗോണ്ട്വാന ജനതന്ത്ര പാര്‍ട്ടി, ബിഎസ്പി, ഇടതു പാര്‍ട്ടികളും ചേര്‍ന്ന് മുന്നണി രൂപീകരിക്കുമെന്നാണ് ധാരണ. രാഷ്ട്രീയ ലോക്ദളും ചില സീറ്റുകളില്‍ സ്വാധീനം ചെലുത്തിയേക്കാം. ശിവരാജ് സിങ് ചൌഹാന്റെ ഭാര്യാ സഹോദരന്‍ സഞ്ജയ് ശര്‍മ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത് ബിജെപിയ്ക്ക് ചെറിയ ക്ഷീണം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, തികഞ്ഞ ആത്മ വിശ്വാസത്തില്‍ തന്നെയാണ് അവര്‍. അധികാരത്തിലേറിയാല്‍ പശു സംരക്ഷണം മുഖ്യ വിഷയമായിരിക്കും എന്ന് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു. 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഇവിടെ മുസ്ലീം സമുദായമുള്ളത്. ഗോമാതാവിന്റെ സംരക്ഷണത്തിന് പ്രത്യേക വകുപ്പ് തന്നെ ഉണ്ടാക്കുമെന്നാണ് ബിജെപി പ്രഖ്യാപനം.
അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ കര്‍ഷക കടങ്ങള്‍ എഴുതി തള്ളുമെന്ന് രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷമാണ് രാഹുല്‍ മാള്‍വ-നിമാര്‍ മേഖലയില്‍ രണ്ടു ദിവസത്തെ പ്രചാരണപരിപാടികള്‍ക്കു തുടക്കം കുറിച്ചത്. രാജ്യത്തെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നാണു മഹാകാലേശ്വര്‍. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും മുമ്പു ക്ഷേത്രത്തിലെത്തി പൂജ നടത്തിയിട്ടുണ്ട്. രാഹുല്‍ കടുത്ത ശിവഭക്തനാണെന്നു കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു എന്നതെല്ലാം ഹിന്ദുത്വ ധ്രുവീകരണത്തിലെ വോട്ട് ബാങ്ക് കണ്ടു തന്നെയാണ്. സംസ്ഥാനത്തെ ആകെയുള്ള 230 നിയമസഭാ സീറ്റുകളില്‍ 66 എണ്ണം മാള്‍വ-നിമാര്‍ മേഖലയിലാണ്. 2013-ലെ തിരഞ്ഞെടുപ്പില്‍ 56 സീറ്റും ബിജെപിയാണു നേടിയത്. 9 സീറ്റു മാത്രമാണ് കോണ്‍ഗ്രസിനു ലഭിച്ചത്. ഉജ്ജയിനു പുറമേ ജാബുവ, ഇന്‍ഡോര്‍, ഖാര്‍ഗാണ്‍ തുടങ്ങിയ സ്ഥലങ്ങളിലും രാഹുല്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു.
ഇതിനിടെ കോണ്‍ഗ്രസ് വിജയം കൊയ്യുമെന്ന ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് പാര്‍ട്ടിയ്ക്ക് ആത്മ വിശ്വാസം നല്‍കുന്നു. ബിജെപി മന്ത്രി സൂര്യപ്രകാശ് മീന മത്സരിക്കാതെ മാറി നില്‍ക്കുന്നത് ബിജെപിയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഷംഷാബാദ് മണ്ഡലം പോലം ഉറച്ച മണ്ഡലത്തില്‍ കാര്യങ്ങള്‍ സുഖകരമല്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് അദ്ദേഹം മാറിയതെന്നാണ് ആരോപണങ്ങള്‍.
വിമത ശബ്ദങ്ങള്‍ ഇരു പാര്‍ട്ടികളെയും പിടിച്ചുലയ്ക്കുന്നുണ്ട്. പാര്‍ട്ടി സീറ്റ് തന്നില്ലെങ്കില്‍ ശക്തി തെളിയിച്ചു കാണിച്ചുതരാമെന്നു വെല്ലുവിളിച്ചിരിക്കുകയാണ് ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ബാബുലാല്‍ ഗൗര്‍. നിര്‍ണായക മേഖലകളില്‍ ജനസ്വാധീനമുള്ള നേതാവാണ് ഇദ്ദേഹം. നിലവിലെ മന്ത്രി കുസും മെഹ്ദലയും സീറ്റ് നിഷേധിക്കപ്പെട്ടാല്‍ സ്വതന്ത്രയായി മല്‍സരിക്കുമെന്ന ഭീഷണിയുമായി രംഗത്തു വന്നിരിക്കുന്നത് ബിജെപിയ്ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
സ്ഥാനമോഹവുമായി ഇടഞ്ഞു നില്‍ക്കുന്നവരില്‍ മന്ത്രിമാരും മുന്‍മന്ത്രിമാരും മാത്രമല്ല ലോക്‌സഭാ സ്പീക്കര്‍ വരെയുണ്ട്. കോണ്‍ഗ്രസിലും അവസാന പട്ടിക വൈകിക്കുന്നത് സ്ഥാനമോഹികളുടെ പിടിവലി കടുത്ത സമ്മര്‍ദം സൃഷ്ടിക്കുന്നതു കൊണ്ടാണെന്നാണു സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ള ഈ മേഖല ബിജെപിയ്ക്ക് അഗ്നിപരീക്ഷണമാകും.
റിപ്പോര്‍ട്ട്: അശ്വതിമോള്‍ എ.റ്റി