മക് ഡൊണാൾഡ്‌സിന്റെ കെച്ചപ്പ് ഡിസ്പെൻസറിൽ പുഴുവിനെ കണ്ടെത്തി

mc donalds

വീട്ടിലെ ഭക്ഷണത്തോളം വൃത്തിയായി ഉണ്ടാക്കുന്ന മറ്റൊരു ഭക്ഷ്യ വസ്തുക്കളും ഇല്ല എന്നുള്ളത് ഇതാ വീണ്ടും തെളിയുകയാണ്. മക് ഡൊണാൾഡ്‌സിന്റെ ഭക്ഷണത്തിൽ പുഴുവും പാറ്റയും എലിയും ഒന്നും കാണുന്നത് പുതിയ ഒരു കാര്യമല്ല എന്നത് ശരിയാണ്. എന്നാൽ ഇത്തവണ താരം, കെച്ചപ്പിലെ പുഴുവാണ്. കെച്ചപ്പ് ഡിസ്പെൻസറിൽ നിന്ന് പുഴുക്കളെയാണ് ഒരു സ്ത്രീ കണ്ടെത്തിയത്.

ഇംഗ്ലണ്ടിലെ ഒരു ഫാസ്റ്റ് ഫുഡ് ഭക്ഷണ ശാലയിൽ എത്തിയ ഇവർ, ഭക്ഷണം ഓർഡർ ചെയ്തു. കെച്ചപ്പ് എടുക്കാനായി ഡിസ്പെൻസറിന്റെ അടുത്ത് എത്തിയപ്പോൾ, എന്തോ ഒന്ന് കണ്ണിൽ പെട്ടു. കെച്ചപ്പ് ഡിസ്പെൻസറിന്റെ ഗ്ലാസ് ചില്ലിന് ഉള്ളിൽ എന്തൊക്കെയോ ജീവികൾ നീങ്ങുന്നു. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് മനസിലായത്. എല്ലാം പുഴുക്കളാണ്. നല്ല ഓറഞ്ച് നിറത്തിലുള്ള മാഗട്ടുകൾ. സംഭവം കണ്ട ഉടനെ വനിത ഭക്ഷണ ശാലയിലെ ജോലിക്കാരെ വിവരം അറിയിച്ചു. എന്നാൽ അവഗണന മാത്രമായിരുന്നു ഫലം. അവർ ഈ വനിത പറഞ്ഞത് ശ്രദ്ധിക്കാതെ, അടുത്ത ആൾക്ക് ഭക്ഷണം വിളമ്പുന്ന ധൃതിയിൽ പോയി. ഉടൻ തന്നെ വനിത ഈ പുഴുക്കൾ ഡിസ്പെൻസറിൽ നീങ്ങുന്നതിന്റെ വീഡിയോ എടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. അതോടെ കാര്യങ്ങൾ സമൂഹ മാധ്യമങ്ങൾ അങ്ങ് ഏറ്റെടുത്തു.

സംഭവം ചൂണ്ടി കാണിച്ചു കൊണ്ട് ഭക്ഷണ ശാലയുടെ മാനേജറോട് വനിത സംസാരിക്കുകയും ഇമെയിൽ അയക്കുകയും ചെയ്തിട്ടുണ്ട്. സംഭവം അറിഞ്ഞതും മക് ഡൊണാൾഡ്‌സിന്റെ സ്പോക്സ്പേഴ്സൺ വിശദീകരണവുമായി എത്തി. “ഞങ്ങൾക്ക് സംഭവത്തിൽ ഖേദം ഉണ്ട്, ബുദ്ധിമുട്ട് അനുഭവപ്പെട്ട ഉപഭോക്താവുമായി ഞങ്ങൾ നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാ ദിവസവും ഇത്തരം ഡിസ്പെൻസറുകൾ വൃത്തിയാക്കുന്നതാണ്. എന്നാൽ ഇവിടെ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല,” എന്ന് സ്പോക്സ്പേഴ്സൺ രേഖപ്പെടുത്തി. സംഭവം ട്വീറ്റ് ചെയ്തത് എന്തായാലും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. വലിയ പ്രതികരണങ്ങളാണ് ഇത് സംബന്ധിച്ച് ആളുകൾ പങ്കുവയ്ക്കുന്നത്.

Top