ഫാ. തോമസ് പീലിയാനിക്കലിനെ രാമങ്കരി മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു

മങ്കൊമ്പ്: കുട്ടനാട്ടിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഫാ. തോമസ് പീലിയാനിക്കലിനെ കോടതി റിമാന്‍ഡ് ചെയ്തു. രാമങ്കരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അദ്ദേഹത്തെ ഇന്ന് ഹാജരാക്കിയത്.

കര്‍ഷകരുടെ വ്യാജ ഒപ്പിട്ട് കോടികളുടെ തട്ടിപ്പു നടത്തിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം കുട്ടനാട് വികസന സമിതി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ക്രൈംബ്രാഞ്ച് അന്വേഷണസംഘം കേസുമായി ബന്ധപ്പെട്ട് പലതവണ മൊഴിയെടുക്കാന്‍ വിളിപ്പിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഫാ.പീലിയാനിക്കല്‍ ഹാജരായിരുന്നില്ല. അതിനിടെയാണു കുട്ടനാട് വികസന സമിതി ഓഫീസില്‍ നിന്നു ഫാ.തോമസിനെ കസ്റ്റഡിയിലെടുത്തത്.

ആലപ്പുഴ ജില്ലാക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ തോമസ് പീലിയാനിക്കലിനെ കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ എന്‍.സി.പി നേതാവ് അഡ്വ. റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയുമായ ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്.

കുട്ടനാട്ടിലെ നെല്‍കൃഷിയുടെ മറവിലാണു ബാങ്ക് വായ്പ തട്ടിപ്പു നടന്നത്. കര്‍ഷകരുടെ പേരില്‍ വ്യാജ ഒപ്പിട്ടാണ് പണം തട്ടിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കാവാലം സ്വദേശി കെ.സി. ഷാജി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് അന്വേഷണം.

അതേസമയം കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകും. സ്വാശ്രയ സംഘങ്ങളുടെ ഭാരവാഹികളെ കൂടി പ്രതിയാക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. സ്വാശ്രയ സംഘം ഭാരവാഹികളില്‍ നിന്ന് മുന്‍കൂര്‍ ചെക്ക് ഒപ്പിട്ട് വാങ്ങിയതായും സൂചനയുണ്ട്.

Top