കാസര്‍ഗോഡ്: മദ്യപിച്ച് മോശമായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത മജിസ്‌ട്രേറ്റ് ആത്മഹത്യ ചെയ്തു.
കാസര്‍ഗോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വി.കെ ഉണ്ണികൃഷ്ണനാണ് ആത്മഹത്യ ചെയ്തത്.സ്വന്തം ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കര്‍ണാടകയിലെ സുള്ള്യയില്‍ മദ്യപിച്ച് അക്രമ സ്വഭാവം കാട്ടിയതിന് ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റിഡിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ഉണ്ണികൃഷ്ണനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
നവംബര്‍ അഞ്ചിനാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. മദ്യപിച്ച നിലയില്‍ ഓട്ടോ ഡ്രൈവര്‍മാരെ മര്‍ദിച്ചുവെന്നും തടയാന്‍ ഇടപെട്ട രണ്ടു പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമാണ് പരാതി.
ഉണ്ണികൃഷ്ണന്‍ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ തെറിവിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും സുള്ള്യ പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.
സ്റ്റേഷനില്‍ വച്ച് എസ്‌ഐ അടക്കമുള്ളവരോട് പരാക്രമം കാണിക്കുകയും പോലീസുദ്യോഗസ്ഥനെ അടിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുത്തത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ അവിടെ വച്ചും പരാക്രമം കാട്ടിയതായും പറയുന്നു.