4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; 350-ാളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

തിരുവനന്തപുരം : അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ‘മഹ’ ചുഴലിക്കാറ്റായതായി മാറിയതിന് പിന്നാലെ സംസ്ഥാനത്തും കനത്തമഴ. പലയിടങ്ങളിലും ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്.

എറണാകുളം ഞാറയ്ക്കല്‍ പറവൂര്‍ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമായി. ഞാറയ്ക്കല്‍ രാമവിലാസം സ്‌കൂളില്‍ തുറന്ന ദിരിതാശ്വാസ ക്യാമ്പില്‍ 350-ാളം പേരുണ്ട്. എടവനാടില്‍ നിന്ന് നാല്പതോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊച്ചി, പറവൂര്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി.യൂണിവേഴ്സിറ്റിയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

മഹ ചുഴലിക്കാറ്റ് മണിക്കൂറില്‍ 26 കിമീ വേഗതയില്‍ കഴിഞ്ഞ 6 മണിക്കൂറായി വടക്ക്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മാലദ്വീപില്‍ നിന്ന് വടക്കായി 670 കിലോമീറ്റര്‍ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 210 കിലോമീറ്റര്‍ ദൂരത്തും കവരത്തിയില്‍ നിന്ന് 80 കിമീ ദൂരത്തും തിരുവനന്തപുരത്ത് നിന്ന് 440 കിമീ ദൂരത്തുമായാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

പാറശ്ശാലയ്ക്ക് സമീപം റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് പരശ്ശുറാം എക്സ്പ്രസ് പിടിച്ചിട്ടു. തുടര്‍ന്ന് മണ്ണ് നീക്കം ചെയ്ത ശേഷം സര്‍വീസ് പുനരാരംഭിച്ചു.

Top