തീവ്രന്യൂനമർദ്ദം ‘മഹാ’ ചുഴലിക്കാറ്റായി ; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത,കനത്ത ജാഗ്രത

തിരുവനന്തപുരം: അറബിക്കടലില്‍ ‘മഹാ (MAHA)’ ചുഴലിക്കാറ്റ് രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ടിരുന്ന അതിതീവ്ര ന്യൂനമര്‍ദമാണ് മഹാ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുന്നത്.

ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തില്‍ ലക്ഷദ്വീപിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള തീരത്ത് ശനിയാഴ്ച വരെ മീൻപിടുത്തം പൂർണ്ണമായും നിരോധിച്ചു.

ചുഴലിക്കാറ്റ് ശനിയാഴ്ച കൂടുതൽ ശക്തിപ്രാപിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ പ്രഭാവത്തിൽ ശനിയാഴ്ച സംസ്ഥാനത്ത് മണിക്കൂറിൽ 90 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശക്തമായ തിരമാലകൾക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഉടൻ മടങ്ങിയെത്തണമെന്നും നിർദ്ദേശമുണ്ട്.

മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാളെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഇന്ന് ആറു ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ലക്ഷദ്വീപില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട് ആണ്.

എറണാകുളത്തെ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു.

ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ ബീച്ചുകളിലും വ്യാഴാഴ്ച പ്രവേശനം നിരോധിച്ചിട്ടുണ്ട്.

Top