ആലുവ: ഇന്ന് മഹാശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്‌മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.
ശിവരാത്രിക്ക് വിപുലമായ ഒരുക്കങ്ങളാണ് ആലുവ മണപ്പുറത്ത് സജ്ജമാക്കിയിരിക്കുന്നത്. 116 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ഒരേസമയം മണപ്പുറത്തും അദ്വ ആശ്രമത്തിലുമായി 2000 ആളുകൾക്ക് ബലി ദർപ്പണ ചടങ്ങുകൾ നടത്തി മടങ്ങാനുള്ള സൗകര്യം ഉണ്ട്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭക്തജന തിരക്ക് ഇത്തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ശിവരാത്രിയോട് അനുബന്ധിച്ച് കെഎസ്ആർടിസിയും മെട്രോയും ദക്ഷിണ റെയിൽവേയും പ്രത്യേക സർവീസുകൾ നടത്തും. ശിവരാത്രി ദിനത്തിൽ സർവീസ് ദീർഘിപിച്ചിരിക്കുകയാണ് കൊച്ചി മെട്രോയും. ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് ഉപകാരപ്രദമാകുന്നതിനായാണ് കൊച്ചി മെട്രോ ഫെബ്രുവരി 18, 19 തീയതികളിൽ സർവ്വീസ് ദീർഘിപ്പിക്കുന്നത്. ഫെബ്രുവരി 18ന് രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവ്വീസ്. ഫെബ്രുവരി 19ന് പുലർച്ചെ 4.30 മുതൽ കൊച്ചി മെട്രോ സർവ്വീസ് ആരംഭിക്കും.