ഇന്ത്യന്‍ ജനപ്രിയ സംസ്കാരത്തില്‍ എക്കാലത്തും സാന്നിധ്യം അനുഭവിപ്പിക്കുന്ന ഇതിഹാസ കൃതിയാണ് മഹാഭാരതം. മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും അധികരിച്ചുള്ള സാഹിത്യകൃതികളും സിനിമകളും കൂടാതെ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള സ്വതന്ത്ര ആഖ്യാനങ്ങളും നിരവധി ഇന്ത്യന്‍ ഭാഷകളില്‍ നാളിതുവരെ ഉണ്ടായിട്ടുണ്ട്. ദൂരദര്‍ശനുവേണ്ടി ബി ആര്‍ ചോപ്ര 1988ല്‍ സൃഷ്ടിച്ച മഹാഭാരതം സീരിയല്‍ ആസ്വാദകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച ഒന്നാണ്. ഇപ്പോഴിതാ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഇന്ത്യന്‍ ആസ്വാദകരെ ആവേശഭരിതരാക്കുന്ന ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മഹാഭാരതത്തെ മുന്‍നിര്‍ത്തിയുള്ള സിരീസ് ആണ് അത്.
യുഎസിലെ കാലിഫോര്‍ണിയയില്‍ നടക്കുന്ന ഡി 23 എക്സ്പോയിലാണ് സിരീസ് സംബന്ധിച്ച് ഡിസ്നിയുടെ പ്രഖ്യാപനം. ഡിസ്നിയുടെ ഫാന്‍ ഇവന്‍റ് ആണ് ഈ പരിപാടി. ഇന്ത്യന്‍ നിര്‍മ്മാതാക്കളുമായി സഹകരിച്ചുകൊണ്ടാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സിരീസ് ഒരുക്കുന്നത്. മധു മണ്ടേന, മിത്തോവേഴ്സ് സ്റ്റുഡിയോസ്, അല്ലു എന്‍റര്‍ടെയ്ന്‍മെന്‍റ്സും ചേര്‍ന്നാണ് നിര്‍മ്മാണം. മഹാഭാരത കഥ ആഗോള പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ കണ്ടന്റ് ഹെഡ‍് ഗൗരവ് ബാനര്‍ജി പറഞ്ഞു.