മഹാഭാരതം മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരില്‍ തന്നെ റിലീസ് ചെയ്യും; ബി.ആര്‍. ഷെട്ടി

അബുദാബി: മോഹന്‍ലാലിനെ നായകനാക്കി എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം എന്ന ചിത്രം മലയാളത്തില്‍ രണ്ടാമൂഴം എന്ന പേരില്‍ തന്നെ റിലീസ് ചെയ്യും.

ചിത്രത്തിന്റെ നിര്‍മാതാവും വ്യവസായിയുമായ ബി.ആര്‍. ഷെട്ടിയാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് ഭാഷകളില്‍ മഹാഭാരതം എന്ന പേരില്‍ തന്നെയാവും ഇത് പുറത്തിറങ്ങുക.

എം.ടി.യുടെ രണ്ടാമൂഴം എന്ന നോവലിനെ അധികരിച്ച് ഒരുക്കുന്ന ചിത്രത്തിന് മഹാഭാരതം എന്ന് പേരിടരുതെന്നും അങ്ങിനെ പേരിട്ടാല്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഭീഷണി മുഴക്കിയിരുന്നു.

എന്നാല്‍, ആരുടെയും ഭീഷണി കണക്കിലെടുത്തല്ല ചിത്രത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന് പേരിടുന്നതെന്ന് ബി.ആര്‍. ഷെട്ടി വ്യക്തമാക്കി.

മൂന്ന് മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുക. ആദ്യ ഭാഗത്തിന്റെ ചിത്രീകരണം അബുദാബിയില്‍ ആരംഭിക്കും.

സിനിമയുടെ ചിത്രീകരണത്തിനായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നും ഓഫര്‍ ലഭിച്ചിട്ടുണ്ട്. ആയിരം കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ത്യയിലെ പല പ്രമുഖ നടന്മാരും വേഷമിടുമെന്നും ബി.ആര്‍.ഷെട്ടി പറഞ്ഞു.

Top