ഇടുക്കി: മരണത്തിന് മുന്നില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍. മഹാരാഷ്ട്രയിലെ മഹാഡില്‍ കനത്ത മഴയില്‍ ഒലിച്ചുപോയ പാലം നിര്‍മിച്ചത് മുല്ലപ്പെരിയാര്‍ മോഡല്‍ സുര്‍ക്കി മിശ്രിതം കൊണ്ടാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മഹാഡ് പാലം നിര്‍മിച്ചത് 88 വര്‍ഷം മുന്‍പാണെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിച്ചിട്ട് 121 വര്‍ഷമായി. അതായത് മഹാഡ് പാലത്തിന്റെ സ്ഥിതി വെച്ച് നോക്കുകയാണെങ്കില്‍ ഏത് നിമിഷവും നിലം പൊത്താവുന്ന അപകടകരമായ അവസ്ഥ.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മഹാഡ് പാലം തകര്‍ന്ന നിലയില്‍ (ഫയല്‍ ചിത്രം)
1928ല്‍ പണിത മഹാഡ് പാലത്തിന്റെ പകുതിയോളം ഭാഗമാണ് വാഹനങ്ങള്‍ സഹിതം ഒലിച്ചുപോയത്. ഇതുവരെ 13 മൃതദേഹങ്ങള്‍ മാത്രമാണ് സാവിത്രി നദിയില്‍ നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്.എത്ര വാഹനങ്ങള്‍ ഒഴുകിപ്പോയി എന്നതിനെക്കുറിച്ച് മാഹാരാഷ്ട്ര സര്‍ക്കാരിന് തന്നെ ഒരു പിടിയുമില്ലാത്ത സാഹചര്യമാണ് നിലവില്‍.
1895ല്‍ നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 1977ല്‍ത്തന്നെ അപകടകരമായ വിധത്തില്‍ ചോര്‍ച്ച കണ്ടുതുടങ്ങിയിരുന്നു. അണക്കെട്ടു നിര്‍മിച്ച് 82 വര്‍ഷം പിന്നിട്ടപ്പോഴേക്കും സുര്‍ക്കി മിശ്രിതം വലിയതോതില്‍ ഒലിച്ചിറങ്ങി അണക്കെട്ട് അപകടാവസ്ഥയിലായി.
മഴക്കാലത്തെയും മറ്റും ശക്തമായ വെള്ളമൊഴുക്കിനെ പ്രതിരോധിക്കാന്‍ കാലപ്പഴക്കമാണ് മഹാഡ് പാലത്തിന് വില്ലനായത്. മുല്ലപ്പെരിയാറിന്റെ കാര്യത്തിലും ജനങ്ങളുടെ ആശങ്ക ഇതുതന്നെയാണ്. ഐഐടിയുടെ പഠന റിപ്പോര്‍ട്ടുകളിലും ശക്തമായ മഴയില്‍ അണക്കെട്ട് കവിഞ്ഞൊഴുകിയേക്കുമെന്നും അത് അപകടം ക്ഷണിച്ചുവരുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അണക്കെട്ടിനു മുകളിലൂടെ വെള്ളമൊഴുക്ക് ഉണ്ടായാല്‍ അണക്കെട്ട് തകരും എന്ന ഈ പഠനം ശരിവയ്ക്കുന്നതാണു പാലത്തിനുണ്ടായ തകര്‍ച്ച. മുല്ലപ്പെരിയാര്‍ ദുര്‍ബലമെന്ന് 1977ല്‍ ബോധ്യമായതോടെ കേന്ദ്ര ജലകമ്മിഷന്‍ നിര്‍ദേശിച്ച ബലപ്പെടുത്തല്‍ ജോലികള്‍ നടത്തിയാണ് ആയുസ്സ് നീട്ടിയെടുത്തത്. താല്‍ക്കാലിക ബലപ്പെടുത്തലുകള്‍ക്കു ശേഷം പുതിയ അണക്കെട്ടു നിര്‍മിക്കാനാണ് അന്നത്തെ ജലകമ്മിഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെട്ട സംഘം നിര്‍ദേശിച്ചത്. ഇതിനായി അവര്‍ പ്രത്യേകം സ്ഥലവും കണ്ടെത്തിയിരുന്നു.
എന്നാല്‍ ബലപ്പെടുത്തലിന്റെ ഭാഗമായി നിര്‍മിച്ച സപ്പോര്‍ട്ട് ഡാം പുതിയ അണക്കെട്ടിന്റെ പ്രയോജനം ചെയ്യുമെന്നു പറഞ്ഞാണു തമിഴ്‌നാട് പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യം അവഗണിക്കുന്നത്. സപ്പോര്‍ട്ട് ഡാമിനു പുറമേ കേബിള്‍ ആങ്കറിങ് നടത്തിയതും അണക്കെട്ടിനെ ബലപ്പെടുത്തിയെന്നാണു തമിഴ്‌നാടിന്റെ വാദം. എന്നാല്‍ സീപ്പേജ് വെള്ളത്തിനൊപ്പം വലിയ തോതില്‍ സുര്‍ക്കി മിശ്രിതം ഒലിച്ചിറങ്ങുന്നതുമൂലം അണക്കെട്ടിനു തുടര്‍ച്ചയായ ബലക്ഷയം വന്നുകൊണ്ടിരിക്കുകയാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് (ഫയല്‍ ചിത്രം)
രണ്ടുവര്‍ഷം മുന്‍പ് അണക്കെട്ടിന്റെ ബലപരിശോധനയ്ക്കായി നിര്‍മിച്ച ബോര്‍ഹോളുകള്‍ അടയ്ക്കാന്‍ 1000 ചാക്കു സിമന്റ് ഗ്രൗട്ടിങ് വേണ്ടിവന്നതും അണക്കെട്ടിന്റെ ഉള്‍ഭാഗത്തെ സുര്‍ക്കി ഒലിച്ചുപോയതിന്റെ തെളിവാണ്. അണക്കെട്ടു ബലവത്താണെന്ന വിദഗ്ധാഭിപ്രായമാണു ജലനിരപ്പ് ഉയര്‍ത്താനുള്ള സുപ്രീം കോടതി അനുമതിക്കു കാരണം. ഇക്കാര്യത്തില്‍ മലയാളിയായ മുന്‍ സുപ്രീംകോടതി ജഡ്ജി കെ ടി തോമസ് എടുത്ത നിലപാടില്‍ വ്യാപകമായ പ്രതിഷേധമാണ് നേരത്തെ ഉയര്‍ന്നിരുന്നത്.
ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ക്ക് സമാനമായി മഹാഡ് പാലത്തിലൂടെ വാഹനഗതാഗതം അപകടമുണ്ടാക്കില്ലെന്നും ‘വിദഗ്ധര്‍’ അഭിപ്രായപ്പെട്ടിരുന്നതാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നടത്തിയ വിദഗ്ധ പരിശോധനകളെല്ലാം ഏകപക്ഷീയമായിരുന്നുവെന്നു കേരളം അന്നേ ചൂണ്ടിക്കാട്ടിയതാണ്. എന്നാല്‍ കേരളത്തിന്റെ ഈ നിലപാട് അംഗീകരിക്കപ്പെട്ടില്ല.
സുര്‍ക്കി മിശ്രിതത്താല്‍ നിര്‍മിക്കപ്പെട്ട പാലം തകര്‍ന്ന പശ്ചാത്തലത്തില്‍ അടിയന്തരമായി ഏതെങ്കിലും രാജ്യാന്തര ഏജന്‍സിയെക്കൊണ്ടു മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലപരിശോധന നടത്തണമെന്നാണു ജനങ്ങളുടെ ആവശ്യം. അല്ലെങ്കില്‍ ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനാണ് അപകടത്തിലാവുകയെന്നാണ് മുന്നറിയിപ്പ്.