മുംബൈ: മുംബൈ ദേശീയ പാതയില്‍ പാലം തകര്‍ന്ന് ഒഴുകിപ്പോയ രണ്ടാമത്തെ ബസും നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തി. മറ്റൊരു ബസിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
എന്നാല്‍ പുഴയില്‍ കാണാതായ പതിനാലുപേരെക്കുറിച്ച് ഇതുവരെ വിവരങ്ങളും ലഭിച്ചിട്ടില്ല. പാലത്തില്‍ നിന്നും 400 മീറ്റര്‍ ദൂരെയായി അഞ്ചുമീറ്റര്‍ ആഴത്തില്‍ നിന്നുമാണ് രണ്ടാമത്തെ ബസ് കണ്ടെത്തിയത്.
ദിവസങ്ങളായി മഹാഡ് മേഖലയില്‍ നേവി രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ക്രെയിന്‍ ഉപയോഗിച്ച് ബസിന്റെ ഭാഗങ്ങള്‍ പൊക്കിയെടുക്കുന്നതിനുള്ള ദുരന്ത നിവാരണസേനയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്.
മുതലകളുടെ സാന്നിധ്യവും നദിയിലെ ശക്തമായ കുത്തിയൊഴുക്കും രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കിയിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ആഗസ്റ്റ് രണ്ടിന് രാത്രിയോടെയാണ് പാലം തകര്‍ന്ന് രണ്ട് ബസും കാറുകളും വെള്ളത്തില്‍ ഒഴുകിപ്പോയത്.
പാലത്തിന്റെ തൂണുകളില്‍ ഒന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. പുഴയില്‍ കാണാതായവരില്‍ ഇതുവരെ 26 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 14 പേരെ ഇതുവരെയും കണ്ടെത്താനായില്ല.