മഹാദേവ് വാതുവെപ്പ് ആപ്പ് കേസ് ; രണ്ട് പേരെ കൂടി ഇഡി അറസ്റ്റ് ചെയ്തു

ഹാദേവ് വാതുവെപ്പ് ആപ്പ് കേസില്‍ രണ്ട് പേരെ കൂടി ഇഡി അറസ്റ്റ് ചെയ്തു. ആപ്പ് ഉപയോഗിച്ചുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എബിലിറ്റി ഗെയിംസ് ലിമിറ്റഡ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ സൂരജ് ചൊഖാനി, ഗിരീഷ് തല്‍രേജ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റായ്പൂര്‍ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇതേ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പ് പ്രൊമോട്ടര്‍മാരില്‍ ഒരാളായ നിതീഷ് ദിവാനെ പിടികൂടിയതിന് പിന്നാലെയാണ് ഈ അറസ്റ്റുകള്‍. ഇയാള്‍ നല്‍കിയ മൊഴികളിലെ സത്യാവസ്ഥ ബോദ്ധ്യപ്പെടുന്നതിനാണ് സുരാജ് ചോഖനി, ഗിരീഷ് തല്‍രേജ എന്നിവരെ ചോദ്യം ചെയ്തത്. എന്നാല്‍, ഇവര്‍ നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധമണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ ഇഡി കസ്റ്റഡിയിലെടുത്തതും, പിന്നീട് അറസ്റ്റിലേക്ക് നയിച്ചതും.

മഹാദേവ് ഓണ്‍ലൈന്‍ വാതുവെപ്പ്, ഗെയിമിംഗ് ആപ്പ് കേസില്‍ നടന്നുകൊണ്ടിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി ) കഴിഞ്ഞ ആഴ്ച രാജ്യത്തുടനീളമുള്ള 15 ലധികം സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തിയിരുന്നു. കേസില്‍ അസിം ദാസ്, ഭീം സിംഗ് യാദവ്, ചന്ദ്രഭൂഷണ്‍ വര്‍മ്മ, അനില്‍ കുമാര്‍ അഗര്‍വാള്‍, സുനില്‍ ദമ്മാനി, സതീഷ് ചന്ദ്രകര്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. ആപ്പ് വഴി അനധികൃതമായി ഉണ്ടാക്കിയ പണം രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലിയായി നല്‍കിയെന്നാണ് ആരോപണം.

Top