കൊച്ചി:മഹാരാജാസ് കോളജിലെ ചുവരെഴുത്ത് വിവാദത്തില്‍ വിശദീകരണവുമായി കോളജ് പ്രിന്‍സിപ്പല്‍.
മതവിദ്വേഷം വളര്‍ത്തുന്നതും അശ്ലീല ചുവയുളളതുമായ പദങ്ങളാണ് ചുവരുകളില്‍ വിദ്യാര്‍ത്ഥികള്‍ എഴുതിയതെന്ന് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ.എന്‍.എല്‍.ബീന പറഞ്ഞു.
മതവിദ്വേഷം വളര്‍ത്തുന്നതും അശ്ലീലം നിറഞ്ഞതുമായ ചുവരെഴുത്തുകള്‍ കേളേജ് കെട്ടിടത്തിന്റെ ചുവരില്‍ കണ്ടതിന്റെ പേരിലാണ് കേസ് കൊടുത്തതെന്നും കേസ് കൊടുത്ത ശേഷം ആ ചുവരെഴുത്തുകള്‍ മായ്ച്ചുകളഞ്ഞതായും അവര്‍ പറഞ്ഞു.
ഇവ കവിതയുടെ ഭാഗങ്ങളാണോയെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.
ക്രിസ്തുവിനെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു ചുവരെഴുത്തുകളെന്നും ഇവ താന്‍ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. പുറത്തു പറയാന്‍ കഴിയാത്തത്ര അശ്ലീലമാണ് ഇവയിലുള്ളതെന്നും ബീന പറഞ്ഞു.
അതേസമയം, ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ എസ്എഫ്‌ഐയില്‍നിന്ന് പുറത്താക്കപ്പെട്ടവരാണെന്ന് മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വ്യക്തമാക്കി.
ചുവരെഴുതിയതിന്റെ പേരിലല്ല, പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തതെന്നും ചെയര്‍മാന്‍ പറഞ്ഞു. കവിത കോളേജിന്റെ ചുവരില്‍ എഴുതിയതിന്റെ പേരിലാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതെങ്കില്‍ അതിനെ അനുകൂലിക്കുന്നില്ലെന്ന് എം. സ്വരാജ് എംഎല്‍എ വ്യക്തമാക്കി.
അവധി ദിവസങ്ങളില്‍ കോളേജില്‍ പ്രവേശിച്ച് ചുവരില്‍ എഴുതിയും ചിത്രങ്ങള്‍ വരച്ചും വൃത്തിക്കേടാക്കിയെന്നും അശ്ലീലം നിറഞ്ഞ ചുവരെഴുത്ത് നടത്തിയെന്നും കാണിച്ച് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്.
കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതാശകലങ്ങളാണ് പോസ്റ്ററുകളിലുണ്ടായിരുന്നതെന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പറയുന്നു.
പ്രതികളാക്കി പിടിച്ച കുട്ടികളല്ല പോസ്റ്റര്‍ പതിച്ചതെന്നും നിരപരാധികളെ പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.