കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനം എസ്എഫ്‌ഐ ആണെന്ന കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. രണ്ടാം സ്ഥാനം അവകാശപ്പെടുന്ന വിദ്യാര്‍ത്ഥി സംഘടനക്ക് പോലും എസ്എഫ്‌ഐയുമായുള്ള ദൂരം വളരെ കൂടുതലാണ്.
പതിറ്റാണ്ടുകളായി തുടരുന്ന വിപ്ലവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഈ മുന്നേറ്റത്തിന് പിന്നിലുള്ള ഐതിഹാസികമായ പോരാട്ടങ്ങള്‍ പുതിയ തലമുറയിലെ എസ്എഫ്‌ഐ നേതാക്കള്‍ കാണാതെ പോകരുത്. ഏതൊരു കോളേജിലെയും പ്രിന്‍സിപ്പാളിന്റെ മാത്രമല്ല പ്യൂണിന്റെ പോലും കസേര നശിപ്പിക്കാന്‍ പാടില്ലാത്തതാണ്.
എന്നാല്‍ തികച്ചും വിദ്യാര്‍ത്ഥി വിരുദ്ധരായും പകയോട് കൂടിയും ശിഷ്യന്‍മാരെ കാണുന്ന ഗുരുക്കന്‍മാര്‍ക്ക് മുന്നില്‍ ‘ഓച്ഛാനിച്ച് ‘ നില്‍ക്കേണ്ട ഗതികേട് കേരളത്തിലെ പൊരുതുന്ന വിദ്യാര്‍ത്ഥി സമൂഹത്തിനുണ്ട് എന്ന് ഞങ്ങള്‍ കരുതുന്നില്ല.
ഇപ്പോള്‍ പല കാമ്പസുകളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഗുരുക്കന്‍മാരുടെ ക്രൂര വിനോദങ്ങള്‍ മഹാരാജാസിലെ എസ്എഫ്‌ഐ നേതാക്കളുടെ രക്തത്തിനായി ദാഹിക്കുന്നവര്‍ കാണാതെ പോകരുത്.
പാമ്പാടി എഞ്ചിനീയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുവിന് ജീവന്‍ നഷ്ടമായത് അദ്ധ്യാപക ഗുരുക്കന്‍മാരുടെ ഇത്തരം ‘സ്‌നേഹ പ്രകടനങ്ങള്‍’ മൂലമായിരുന്നെന്ന യാഥാര്‍ത്ഥ്യം ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ സമരരംഗത്തുള്ള എസ്എഫ്‌ഐ നേതൃത്വം എന്ത് കൊണ്ടാണ് ഇവിടെ കാണാതെ പോയത് ?
പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചത് അത്ര വലിയ അപരാധമാണെങ്കില്‍ തന്നെ അതിന് നേതൃത്വം കൊടുത്തവരെ സസ്‌പെന്റ് ചെയ്ത് തിരുത്താനുള്ള അവസരം കൊടുക്കുകയായിരുന്നില്ലേ ആദ്യം ചെയ്യേണ്ടിയിരുന്നത്? വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തില്‍ നടന്ന ആദ്യത്തെ ‘അരുതാത്ത’ സംഭവമാണോ മഹാരാജാസില്‍ നടന്നത്?
സര്‍ക്കാറിന്റെയും കോളേജ് അധികൃതരുടെയുമെല്ലാം വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ എസ്എഫ്‌ഐ മുന്‍പ് നടത്തിയ സമരങ്ങളെയും പ്രതികരണങ്ങളെയും താരതമ്യം പോലും ചെയ്യാന്‍ പറ്റാത്ത തരത്തില്‍ ചെറിയ പിഴവാണ് ഇപ്പോള്‍ മഹാരാജാസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതാണ് യാഥാര്‍ത്ഥ്യം പൊരുതുന്ന മനസ്സുകള്‍ക്ക് പറ്റിയതായി വേണമെങ്കില്‍ പറയാവുന്ന ഒരു പിഴവു മാത്രം. യഥാര്‍ത്ഥ കസേരക്ക് പകരം പ്രതീകാത്മകമായി മറ്റൊരു കസേര സംഘടിപ്പിച്ച് കത്തിക്കുകയായിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം തന്നെയുണ്ടാവില്ലായിരുന്നു.
ജിഷ്ണുവിന്റെ മരണശേഷം പാമ്പാടി നെഹ്‌റു കോളേജിലേക്ക് നടത്തിയ എസ്എഫ്‌ഐ മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ കോളേജ് അടിച്ച് തകര്‍ത്തപ്പോള്‍ ആ പ്രവര്‍ത്തകരെ പുറത്താക്കണമെന്ന് പറയാന്‍ ഒരു നാവും ഇവിടെ ഉയര്‍ന്ന് കണ്ടിട്ടില്ല. മറിച്ച് സ്വാഭാവിക പ്രതികരണമാണ് നടന്നതെന്ന പ്രതികരണങ്ങളാണ് വ്യാപകമായി ഉയര്‍ന്നിരുന്നത്. പ്രതികരണ ശേഷിയുള്ള വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് പ്രതികരിക്കാന്‍ ഒരു ദുരന്തം വരുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ…
സ്വയംഭരണ സ്ഥാപനമായി ഇതിനകം മാറി കഴിഞ്ഞ മഹാരാജാസ് കോളേജിലെ പ്രിന്‍സിപ്പാള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും എസ്എഫ്‌ഐ നേതൃത്വത്തിന്റെ ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍ നടപടിയിലൂടെ ന്യായീകരിക്കാനുള്ള ശ്രമം ബോധപൂര്‍വ്വം ചില കേന്ദ്രങ്ങള്‍ ഇപ്പോള്‍ നടത്തി വരുന്നുണ്ട്. ഇത് എസ്എഫ്‌ഐ നേതൃത്വം തിരിച്ചറിയണം.
കുത്തക മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണങ്ങളും രാഷ്ട്രീയ എതിരാളികള്‍ നടത്തുന്ന പ്രതിഷേധങ്ങളും ചുവപ്പിലെ’കരിങ്കാലികള്‍’ നടത്തുന്ന ഇടപെടലുകളും ഒന്നുമല്ല എസ്എഫ്‌ഐയെ പോലുള്ള സംഘടനയുടെ തീരുമാനങ്ങളെ സ്വാധീനിക്കേണ്ടത്.അവിടെ ആദ്യ പരിഗണന വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ക്ക് തന്നെയായിരിക്കണം.മഹാരാജാസില്‍ ഉള്‍പ്പെടെ അനീതിക്കെതിരെ പ്രതിഷേധ മുഷ്ട്ടികള്‍ ഉയര്‍ത്തുന്നവര്‍ സ്വന്തം വീട്ടിലേക്ക് അന്നം കൊണ്ട് പോകാനൊന്നുമല്ലല്ലോ ഇതൊന്നും ചെയ്യുന്നത്?
പ്രവര്‍ത്തകര്‍ക്ക് തെറ്റ് പറ്റിയതായി സംഘടനക്ക് തോന്നുന്നുവെങ്കില്‍ അത് തിരുത്താനുള്ള അവസരം നല്‍കുന്ന തരത്തിലുള്ള നടപടികളാണ് വേണ്ടിയിരുന്നത്, അതല്ലാതെ ഒറ്റയടിക്ക് പുറത്താക്കരുതായിരുന്നു. സംഘടനാപരമായും രാഷ്ട്രീയ പരമായും മുകളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശം നടപ്പാക്കാന്‍ യൂണിറ്റ് കമ്മിറ്റി വിളിച്ച് ചേര്‍ത്തവനും അതിന് പ്രേരിപ്പിച്ചവര്‍ക്കം ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികളുടെ വികാരമറിയില്ല.
കമ്യൂണിസ്റ്റ് പ്രത്യായ ശാസ്ത്രം അരച്ച് കലക്കി കുടിച്ചിട്ടൊന്നുമല്ല എസ്എഫ്‌ഐക്ക് പിന്നില്‍ വിദ്യാര്‍ത്ഥി സമൂഹം അണിനിരക്കുന്നത്. അനീതിയെ ചോദ്യം ചെയ്യുന്ന നട്ടെല്ലുള്ള സംഘടന എന്ന നിലയിലാണ് പിന്‍തുണ. കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ടീയം കൊണ്ട് നടക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ പോലും കാമ്പസുകളില്‍ ശുഭ്ര പതാകക്ക് കീഴില്‍ അണിനിരക്കുന്നതും അത് കൊണ്ട് തന്നെയാണ്.
ചെങ്കൊടി പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമില്ലാത്ത പല സംസ്ഥാനങ്ങളിലെയും പ്രമുഖ സര്‍വ്വകലാശാലാ യൂണിയനുകള്‍ ഇപ്പോഴും എസ്എഫ്‌ഐക്ക് ഭരിക്കാന്‍ കഴിയുന്നതും ഇത്തരം പ്രവര്‍ത്തന മികവ് മൂലമാണ്.ഈ യാഥാര്‍ത്ഥ്യം മറന്ന് കൊണ്ടുള്ള ഒരു തീരുമാനവും സംഘടനക്ക് ഒട്ടും ആശ്വാസകരമാകില്ല.
‘അടി’ എന്ന് എഴുതി കാണിച്ചാല്‍ ഓടി ഒളിക്കുന്ന പ്രവര്‍ത്തകരുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകരുടെ മൂല്യമല്ല മഹാരാജാസിലെയും യൂണിവേഴ്‌സിറ്റി കോളേജിലെയുമെല്ലാം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുള്ളത്…അവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ളത്…അത് കൊണ്ട് തന്നെയാണ് സംഘടനയില്‍ നിന്നും ഒരു സുപ്രഭാതത്തില്‍ പുറത്താക്കപ്പെട്ടിട്ടും ഈ വിദ്യാര്‍ത്ഥി നേതാക്കളെ ഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥി സമൂഹം ഇപ്പോഴും കൈവിടാതിരിക്കുന്നതും …
Team Express kerala