കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐയുടെ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ ഉണ്ടെന്ന് സൂചന ലഭിച്ചു.
കൊലപാതകത്തില്‍ ഇതുവരെ ഏഴുപേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. പ്രതികളെ വ്യത്യസ്ത കേന്ദ്രങ്ങളിലായി ചോദ്യം ചെയ്തുവരികയാണ്.
കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എസ്ഡിപിഐ
സംസ്ഥാന ജില്ലാ നേതാക്കളും പ്രവര്‍ത്തകരുമടക്കം 80 പേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു ഇതിന് പിന്നാലെയാണ് പ്രതികളില്‍ ചിലര്‍ ആലപ്പുഴയിലുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിരിക്കുന്നത്.
കേസിലെ പ്രധാനപ്രതി മുഹമ്മദിനെയും ഫറൂഖിനെയും കോളേജില്‍ നിന്നും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും അഭിമന്യുവിന്റെ ശരീരത്തിലേറ്റ മുറിവുകള്‍ കൊലപ്പെടുത്തണമെന്ന തീരുമാനത്തിനു ശേഷം ഏല്‍പ്പിച്ച മുറിവാണെന്നും ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു.
അഭിമന്യുവിനൊപ്പം ആക്രമണത്തിനിരയായ അര്‍ജുന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
മഹാരാജാസ് കോളേജ് ഇന്ന് തുറക്കുന്നതോടൊപ്പം കോളേജില്‍ ഇന്ന് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗവും സംഘടിപ്പിക്കും.