എറണാകുളം: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് നാളെ കോളേജ് തുറക്കും. വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് കോളേജ് തുറക്കാന്‍ ധാരണ്. കാമ്പസില്‍ അഞ്ച് സെക്യൂരിറ്റ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.
കോളേജ് ഉടന്‍ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു. ആറു മണിക്ക് കാമ്പസിനകത്ത് പുറത്തുനിന്നുള്ളവര്‍ എത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ഒരുങ്ങുന്നത്.
മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ഉണ്ടായ വധശ്രമത്തില്‍ ബന്ധപ്പെട്ട 15 പേര്‍ക്കെതിരെയാണ് ഇതുവരെ പൊലീസ് കേസെടുത്തത്. 15 പേരും കെഎസ്യു, ഫ്രട്ടേണിറ്റി സംഘടനകളുടെ സജീവ പ്രവര്‍ത്തകരാണ്. വധശ്രമം ഉള്‍പ്പെടെ 9 വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിയിരിക്കുന്നത്. വിദ്യാര്‍ഥിനികളടക്കം പട്ടികയിലുണ്ട്. മഹാരാജാസ് കോളജ് സംഘര്‍ഷത്തിന് ശേഷം ആശുപത്രിയിലെത്തിയ കെ.എസ്.യു- ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. സംഭവത്തില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവര്‍ അറസ്റ്റിലായിരുന്നു.