മഹാരാജാസ് : ദുരൂഹത തുടരുന്നു, ഓടിളക്കി ആയുധം വയ്‌ക്കേണ്ട കാര്യമില്ല : താമസക്കാര്‍

കൊച്ചി: മഹാരാജാസ് കോളേജ് സ്റ്റാഫ് ഹോസ്റ്റലില്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു.

വിദ്യാര്‍ത്ഥികള്‍ താല്‍ക്കാലികമായി താമസിക്കുന്ന റൂമില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തതെങ്കിലും ആയുധം ഓടിളക്കി വച്ചതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.

മഹാരാജാസ് ഗ്രൗണ്ടിനടുത്തുള്ള എം.സി.ആര്‍.വി ഹോസ്റ്റലിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് 19 വിദ്യാര്‍ത്ഥികള്‍ക്ക് താല്‍ക്കാലികമായി സ്റ്റാഫ് ഹോസ്റ്റലില്‍ താമസം അനുവദിച്ചിരുന്നത്.

ഇവര്‍ക്ക് അനുവദിച്ച ഒന്നാം നിലയിലെ മുറിയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.

സംഭവ ദിവസം കാലത്ത് ഒരു ഏണി അസ്വാഭാവികമായി ഇവിടെ ചാരി വച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിന് ലഭിച്ച വിവര പ്രകാരമായിരുന്നു പൊലീസ് എത്തി പരിശോധന നടത്തിയത്.

കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ ഉള്‍പ്പെടെയാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

പൊലീസ് എഫ് ഐ ആര്‍ റിപ്പോര്‍ട്ടും മുഖ്യമന്ത്രിയുടെ വാദവും രണ്ടാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശക്തമായാണ് രംഗത്തു വന്നിരുന്നത്. എന്നാല്‍ തന്റെ വാദത്തില്‍ ഉറച്ച് നിന്ന മുഖ്യമന്ത്രി എഫ് ഐ ആറിലെ കാര്യം തന്നെയാണ് താന്‍ പറഞ്ഞതെന്ന് പിന്നീട് വ്യക്തമാക്കുകയുണ്ടായി.

പ്രതിപക്ഷം പ്രധാനമായും എസ് എഫ് ഐക്കെതിരെയാണ് ആരോപണമുന്നയിക്കുന്നത്. പൊലീസ് കുറ്റക്കാരെ അറസ്റ്റു ചെയ്യുന്നില്ലെന്നാണ് പരാതി.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചു കൊണ്ടിരുന്ന മുറിയില്‍ അവര്‍ക്ക് തന്നെ ഓടിളക്കി ആയുധം വയ്‌ക്കേണ്ട ആവശ്യമെന്താണെന്ന ചോദ്യത്തിന് മുന്നില്‍ അന്വേഷണ സംഘവും ഇപ്പോള്‍ കുഴയുകയാണ്.

രണ്ട് വിദ്യാര്‍ത്ഥികളെ വിളിപ്പിച്ച് ചോദ്യം ചെയ്ത പൊലീസിന് ഒരു തുമ്പും ഇതുവരെ കിട്ടിയിട്ടില്ല. അദ്ധ്യാപകരില്‍ നിന്നും മൊഴി ശേഖരിച്ചിട്ടുണ്ട്.

ഇവിടെ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ കുരുക്കുന്നതിനു വേണ്ടിയുള്ള ഗൂഡാലോചനയാണ് ഇപ്പോള്‍ നടന്നതെന്നാണ്‌ എസ് എഫ് ഐ യുടെ ആരോപണം.

ഹോസ്റ്റല്‍ ഉപയോഗശൂന്യമായ അവസ്ഥയിലായതിനാലാണ് താല്‍ക്കാലികമായി സ്റ്റാഫ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസം അനുവദിച്ചിരുന്നത്.

കോളേജ് അടച്ച് മൂന്ന് ദിവസത്തിനു ശേഷമാണ് ആയുധം കണ്ടെത്തി എന്നതും ഇതിനു മുന്‍പ് ഹോസ്റ്റലിന്റെ ചുമതലയുള്ള വനിതാ വാര്‍ഡനെ മാറ്റി രണ്ട് പുരുഷ വാര്‍ഡന്‍മാരെ നിയമിച്ചതും കൂടി അന്വേഷിക്കണമെന്നതാണ് കോളേജ് യൂണിയനും ആവശ്യപ്പെടുന്നത്.

പ്രിന്‍സിപ്പലുടെ കസേര കത്തിച്ച സംഭവത്തിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരാണ് ഇപ്പോള്‍ ആയുധം കണ്ടെത്തിയ സംഭവത്തിലും ‘പ്രതികൂട്ടിലുള്ളത് ‘ എന്നതിനാല്‍ വലിയ ഗൂഡാലോചന സംഭവത്തിന് പിന്നിലുണ്ടെന്നാണ് ആരോപണം.

പ്രിന്‍സിപ്പലുമായി നിരന്തരം ഏറ്റുമുട്ടലിന്റെ പാതയിലാണ് കോളേജ് യൂണിയനും എസ് എഫ് ഐ നേതാക്കളുമെന്നതിനാല്‍ വിശദമായ അന്വേഷണമാണ് എസ് എഫ് ഐ ആവശ്യപ്പെടുന്നത്.

പൊലീസ് എത്തുന്നതിന് മുന്‍പ് മാധ്യമങ്ങളെ വിളിച്ചു വരുത്തിയത് എന്തിനാണെന്നത് കൂടി അന്വേഷണ പരിധിയില്‍ വരണമെന്നതാണ് ഇവരുടെ ആവശ്യം.

Top