ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തൂത്തുവാരുമെന്ന് അഭിപ്രായ സര്‍വ്വെ. മഹാരാഷ്ട്രയില്‍ 288 ല്‍ 205 വരെ സീറ്റുകള്‍ ബിജെപി- ശിവസേനാ സഖ്യം നേടാമെന്നാണ് എബിപി സീവോട്ടര്‍ സര്‍വ്വെ പ്രവചിക്കുന്നത്.
ശിവസേനയുമായി സഖ്യമില്ലെങ്കിലും ബിജെപി മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തും. ഹരിയാനയിലെ തൊണ്ണൂറു സീറ്റില്‍ ബിജെപി 78 ഉം നേടുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.
അതേസമയം മഹാരാഷ്ട്രയിലും ഹരിയാനയിലും കാര്യമായ വെല്ലുവിളികള്‍ പ്രതിപക്ഷത്ത് നിന്ന് ഇല്ല എന്നതാണ് ബി.ജെ.പിക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകം. എന്നാല്‍ എന്‍.സി.പിയുമായുള്ള സഖ്യം മഹാരാഷ്ട്രയിലും ജാതി സമവാക്യങ്ങളും കര്‍ഷകവോട്ടുകളും ഹരിയാനയിലും അനുകൂലമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്
ഹരിയാനയില്‍ ഡിസംബറില്‍ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പും ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയവുമാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ രണ്ടാം ടേമിന് പ്രതീക്ഷ നല്‍കുന്നത്. ജാട്ടുകള്‍ക്കും ജാട്ട് ഇതര വിഭാഗക്കാര്‍ക്കും ഇടയില്‍ വന്ന ഭിന്നിപ്പ് ആരെ തുണക്കുമെന്നത് വിജയത്തില്‍ നിര്‍ണ്ണായകമാകും. കര്‍ഷകവോട്ടുകളും സ്വാധീനിക്കപ്പെടും.
2014 ല്‍ എന്‍.സി.പിയുമായി സഖ്യമുണ്ടാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന് ഇത്തവണ സഖ്യത്തിനായിട്ടുണ്ട്. എന്നാല്‍ പ്രകാശ് അംബേദ്കറിന്റെ വി.ബി.എയുമായി സഖ്യത്തിനായിട്ടില്ല. ഹരിയാനയില്‍ കോണ്‍ഗ്രസിന് ഇതുവരെയും ആരുമായും സഖ്യത്തിലെത്താനും സാധിച്ചിട്ടില്ല.
ഒക്ടോബര്‍ 21നാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക. ഒക്ടോബര്‍ 24 നാണ് വോട്ടെണ്ണല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.