മുംബൈ: കോവിഡ് പ്രതിരോധത്തിന് ഹോമിയോ, ആയുര്‍വേദ, യുനാനി മരുന്നുകള്‍ ഉപയോഗിക്കാന്‍ മഹാരാഷ്ട്രയില്‍ അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച ടാസ്‌ക് ഫോഴ്‌സ് ആയുര്‍വേദ, യുനാനി, ഹോമിയോ മരുന്നുകളുടെ പട്ടിക കൈമാറി. ഗ്രാമപ്രദേശങ്ങളില്‍ 55 വയസിന് മുകളിലുള്ളവരെ കണ്ടെത്തി ഹോമിയോ മരുന്നായ ആര്‍സെനിക്കം ആല്‍ബം 30 വിതരണം ചെയ്യും.
അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാനാകാത്തതില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്.
രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന ആറോളം നഗരങ്ങളില്‍ ആര്‍സെനിക്കം ആല്‍ബം 30 എന്ന ഹോമിയോ മരുന്ന് വിതരണം ചെയ്യുമെന്ന് ആയുഷ് മന്ത്രാലയം ബുധനാഴ്ച അറിയിച്ചിരുന്നു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, സൂറത്ത്, ഹൈദരബാദ്, മച്ചിലിപട്ടണം എന്നിവിടങ്ങളിലാണ് മരുന്ന് വിതരണം ചെയ്യുകയെന്ന് സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപതി വ്യക്തമാക്കി.
ആര്‍സെനിക്കം ആല്‍ബം 30 കോവിഡിനെ തുരത്തുമെന്ന് ഉറപ്പു പറയാനാകില്ല. എന്നാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഈ മരുന്ന് ഉപയോഗിക്കാനാകും. കോവിഡിനെതിരെ അശാസ്ത്രീയമായ ഈ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ നിരവധി ഹോമിയോ വിദഗ്ധര്‍ ആശങ്കയും പ്രകടിപ്പിച്ചിരുന്നു.
മേയില്‍ മുംബൈയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആര്‍സെനിക്കം ആല്‍ബം 30 വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെ ജൂണ്‍ എട്ടിന് സര്‍ക്കാര്‍ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതോടെ മുംബൈയിലെ 24 വാര്‍ഡുകളിലും ഗുളിക വിതരണം ആരംഭിച്ചു.
ജൂണ്‍ എട്ടിനാണ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന യുനാനി, ആയുര്‍വേദ, ഹോമിയോ ഗുളികകളുടെ പട്ടികകള്‍ മഹാരാഷ്ട്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതില്‍ ആര്‍സെനിക്കം ആല്‍ബം 30 തുടര്‍ച്ചയായ മൂന്നുദിവസം നാലുഗുളിക വീതം വെറുംവയറ്റില്‍ ഉപയോഗിക്കാനായിരുന്നു നിര്‍ദേശം.