മുംബൈ : മഹാരാഷ്ട്രയിൽ പുസ്തകം കൊണ്ടുവരാത്തതിനാൽ അധ്യാപിക അടിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ ചെവിക്കല്ല് തകർന്നു. നളസോപ്പരയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്.
ഫെബ്രുവരി 2ന് നടന്ന സംഭവത്തിൽ അഞ്ചാം തീയതി കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം അധ്യാപികയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ ഈ സംഭവം പുറത്തറിയുന്നത് തിങ്കളാഴ്ചയാണ്.
സംഭവം നടന്ന ദിവസം സ്കൂളിൽ വിദ്യാർത്ഥി പാഠപുസ്തകം കൊണ്ടുവരാൻ മറന്ന് പോയി. തുടർന്ന് അധ്യാപിക കുട്ടിയുടെ ഇടതു ചെവിയിൽ അടിച്ചുവെന്നും അതിന് ശേഷം കുട്ടിയ്ക്ക് കഠിനമായ വേദന അനുഭവപ്പെടുകയും ചെവിയിൽ നിന്ന് രക്തസ്രാവം ഉണ്ടാകുകയും ചെയ്തതായി പൊലീസ് വ്യക്തമമാക്കി.
മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരിശോധിച്ചപ്പോഴാണ് ചെവിക്കല്ല് തകർന്ന വിവരം അറിയുന്നത്. തുടർന്ന് സ്കൂൾ മാനേജ്മെൻറിനെ സമീപിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് നളസോപ്പര പൊലീസിൽ പരാതി നൽകുകയും ചെയ്തു.
സംഭവത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ സ്കൂൾ അധികൃതർ ഇതിൽ പ്രതികരണം നടത്തിയിട്ടില്ല.