കര്‍ഷകരുടെ പേരില്‍ മഹാരാഷ്ട്ര വ്യവസായി 5400 കോടി രൂപ വായ്പയെടുത്തതായി ആരോപണം

business

നാഗ്പൂര്‍: കര്‍ഷകരുടെ പേരില്‍ മഹാരാഷ്ട്രയിലെ വ്യവസായിയായ രത്‌നാകര്‍ ഗുട്ടെ 5400 കോടി രൂപ വായ്പയെടുത്തതായി ആരോപണം. എന്‍.സി.പി എം.എല്‍.എയായ ധനജ്ഞയ് മുണ്ടെയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

ഗംഗഡ് ഷുഗര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് മേധാവിയാണ് രത്‌നാകര്‍ ഗുട്ടെ. 2015 ലാണ് 600 കര്‍ഷകരുടെ പേരില്‍ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയത്. ഇപ്പോള്‍ വായ്പ തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ബാങ്കുകള്‍ കര്‍ഷകര്‍ക്ക് നോട്ടീസയച്ചിരിക്കുകയാണ്. പലരോടും 25 ലക്ഷം വരെ തിരിച്ചടക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കര്‍ഷകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രത്‌നാഗറിനെതിരെ ജൂലൈ അഞ്ചിന് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിട്ടുണ്ട്.

കര്‍ഷകരുടെ പേരില്‍ വ്യാജ രേഖ ചമച്ചാണ് വായ്പയെടുത്തിരിക്കുന്നത്. പ്രബാനി ജില്ല കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. വായ്പയായി ലഭിച്ച തുക രത്‌നാകറിന്റെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികളുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും എന്‍.സി.പി അംഗം ആരോപിക്കുന്നു.

അതേസമയം കേസ് രജിസ്റ്റര്‍ ചെയ്തിട്ടും രത്‌നാഗറിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല.

Top