മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതര്‍ ഉള്ള സംസ്ഥാനമായി മഹാരാഷ്ട്ര. ഇവിടെ രോഗബാധിതരുടെ എണ്ണം മൂവായിരം കടന്നു. മുബൈയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.ഇവിടെ രോഗബാധിതര്‍ രണ്ടായിരം പിന്നിട്ടു കഴിഞ്ഞു.
ഇതുവരെ വലിയതോതില്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ഇന്നലെ ഒറ്റദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത് 26 കോവിഡ് കേസുകളാണ്. ഇവിടെ രോഗബാധിതരുടെ എണ്ണം 86 ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഇന്നലെ ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ, ധാരാവിയില്‍ കോവിഡ് മരണം ഒന്‍പതായി.
അതേസമയം മുംബൈയില്‍ കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 140 ആയി ഉയര്‍ന്നു. ദക്ഷിണ മുംബൈയിലെ ബോംബെ ആശുപത്രിയില്‍ 3 ഡോക്ടര്‍മാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെയാണിത്. രാജ്യത്തു ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മുംബൈയിലാണ്. 72 മലയാളി നഴ്‌സുമാര്‍ക്കാണു മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത്രയധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്.
മഹാരാഷ്ട്രയില്‍ ഇതുവരെ 23 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആഭ്യന്തര വകുപ്പ് അറിയിച്ചു.
ലോക്ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് ബോംബെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ കാലാവധി ജൂണ്‍ 15 വരെ നീട്ടിയിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 245 കോടി കടന്നു.