പാലിന് മികച്ച വില ലഭിക്കണം; വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ച് കര്‍ഷകന്‍

milma

മുംബൈ: പാലിന് മികച്ച വില ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് കര്‍ഷകന്‍ പാലില്‍ കുളിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.

മഹാരാഷ്ട്രയിലെ സോളാപൂരിലെ മംഗള്‍വേധ ടൗണില്‍ താമസിക്കുന്ന സാഗര്‍ എന്ന കര്‍ഷകനാണ് 35 ലിറ്റര്‍ പാലില്‍ കുളിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. സ്വാഭിമാനി ശേത്കാരി സംഗതന്‍ എന്ന സംഘടന നടത്തുന്ന പ്രതിഷേധസമരങ്ങള്‍ക്ക് പിന്തുണയായാണ് ഇയാള്‍ ഇത്തരത്തിലൊരു പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.

പാലില്‍ സ്വയം കുളിക്കുക മാത്രമല്ല ഇയാള്‍ ചെയ്തത് തന്റെ കാലികളെയും പാലുപയോഗിച്ച് തന്നെ കുളിപ്പിച്ചു. രണ്ടുദിവസമായി കര്‍ഷകര്‍ക്ക് പാലിന് മികച്ച വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുകയാണ്. സ്വാഭിമാന്‍ ഷേത്കാരി സംഗതന്‍, മഹാരാഷ്ട്ര കിസാന്‍ സഭ എന്നീ സംഘടനകളാണ് സമരം സംഘടിപ്പിച്ചത്. കേരളം, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലേതുപോലെ ലിറ്ററിന് അഞ്ചുരൂപ ക്ഷീര കര്‍ഷകര്‍ക്ക് നേരിട്ട് സബ്‌സിഡി നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിന് പുറമെ വെണ്ണയ്ക്കും, പാല്‍പൊടിക്കും ജിഎസ്ടിയില്‍ ഇളവനുവദിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

Top