കടക്കെണി ; പ്രധാനമന്ത്രിയുടെ ‘ചായ് പെ’ ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

നാഗ്പുർ : പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ ‘ചായ് പെ’ ചര്‍ച്ചയില്‍ പങ്കെടുത്ത കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.

കടക്കെണി കാരണമാണ് മഹാരാഷ്ട്രയിലെ ദഭാഡി സ്വദേശി കൈലേഷ് കിസാന്‍ മങ്കറാണ് (28) കീടനാശിനി കഴിച്ച്‌ ആത്മഹത്യ ചെയ്തത്.

2012ല്‍ പിതാവിന്‍റെ മരണശേഷം കുടുംബത്തിന്‍റെ ഏക ആശ്രയമായിരുന്നു കൈലേഷ്.

മൂന്ന് ഏക്കര്‍ കൃഷിയിടത്തില്‍ പരുത്തിക്കൃഷി ഇറക്കിയിരിക്കുകയായിരുന്നു കൈലേഷ്. എന്നാൽ വിളനാശം മൂലം കൃഷിയിൽ നഷ്ടം സംഭവിച്ചിരുന്നു.

കൃഷിയിൽ നഷ്ടം വന്നതും , സഹോദരിയുടെ വിവാഹത്തിന് പണം സ്വരൂപിക്കാന്‍ കഴിയാത്തതും ഇയാളെ വിഷമത്തിലാഴ്ത്തിയിരുന്നു.

സഹകരണ ബാങ്കില്‍ നിന്നും 30,000വും സ്വകാര്യ വ്യക്തിയില്‍ നിന്ന് ഒരു ലക്ഷവും കടമെടുത്തിരുന്നു. ഇതിന്‍റെയെല്ലാം തിരിച്ചടവ് മുടങ്ങിയതാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് സൂചന.

എന്നാൽ കടക്കെണി മൂലമല്ല, അയല്‍ക്കാരനുമായുണ്ടായ ചില പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിശദീകരണം.

ജില്ലാ ഭരണകൂടം നടത്തിയ ഈ വാദത്തെ കൈലേഷിൻറെ സഹോദരൻ തള്ളിക്കളഞ്ഞു. കൃഷിയിൽ ഉണ്ടായ നഷ്ടം മൂലം അദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും അതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും മാധ്യമപ്രവരര്‍ത്തകരോട് സഹോദരൻ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ ചായ് പെ ചര്‍ച്ചയില്‍ പങ്കെടുത്ത് ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ കര്‍ഷകനാണ് കൈലേഷ്.

2014ല്‍ ഗ്രാമത്തിലെത്തിയ നരേന്ദ്രമോദി പലിശക്കാരില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാനായി കിസാന്‍ മിത്ര പദ്ധതി രൂപീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

മികച്ച വിത്തുകളും വളങ്ങളും വായ്പയും വിള ഇന്‍ഷൂറന്‍സും എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മികച്ച കാര്‍ഷിക പോളിസി നടപ്പാക്കുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു.

Top