ഡാന്‍സ് ബാറുകള്‍ നിരോധിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ : മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ നിരോധിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുമെന്ന് ധനമന്ത്രി സുധീര്‍ മുഗന്തിവാര്‍.നിയന്ത്രണങ്ങളോടെ ഡാന്‍സ് ബാറുകള്‍ നടത്താന്‍ സുപ്രീംകോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

2016ലെ വിധിയിലാണ് സുപ്രീംകോടതി ഭേദഗതി വരുത്തിയിരിക്കുന്നത്. ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍, എസ്.എ. നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപനം നടത്തിയത്.

കര്‍ശന ഉപാധികളോടെയാണ് ബാറുകള്‍ നടത്തുന്നതിന് കോടതി അനുമതി നല്‍കിയത്. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായിരിക്കണം ബാറുകള്‍ സ്ഥിതി ചെയ്യേണ്ടതെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.

ഡാന്‍സ് ബാറുകളുടെ സമയപരിധി വൈകിട്ട് ആറ് മുതല്‍ രാത്രി 11.30 വരെയാക്കുകയും ചെയ്തിട്ടുണ്ട്. നര്‍ത്തകിമാര്‍ക്ക് നേരെ നോട്ടുകളും നാണയങ്ങളും എറിയുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നര്‍ത്തകിമാര്‍ക്ക് നല്‍കേണ്ട ശമ്പളം സര്‍ക്കാരാണ് നിശ്ചയിക്കേണ്ടതെന്നും ബാറുടമകള്‍ ഇവര്‍ക്ക് കരാര്‍ പേപ്പര്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Top