മുംബൈ : മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ദേവേന്ദ്ര ഫഡ്നാവിസിനെ ഗവർണർ ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് ബി.ജെ.പി നിയമസഭാകക്ഷി നേതാവായ ദേവേന്ദ്ര ഫഡ്‌നവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചത്.
തിങ്കളാഴ്ച രാത്രി എട്ടുമണിക്കകമാണ് ഭൂരിപക്ഷം തെളിയിക്കേണ്ടത്. ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നാൽ ശിവസേനയെ സർക്കാരുണ്ടാക്കുന്നതിനായി ക്ഷണിക്കും.
ബിജെപിക്ക് 105 എംഎല്‍എമാരും ശിവസേനക്ക് 56 എംഎല്‍എമാരുമാണുള്ളത്. 288 അംഗ നിയമസഭയാണ് മഹാരാഷ്ട്രയിലേത്. 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് ആവശ്യമായത്. ശിവസേനയുമായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കണ്ടു കഴിഞ്ഞദിവസം രാജിക്കത്ത് നൽകിയിരുന്നു.
ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വെല്ലുവിളിക്കുകയാണെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറേ പറഞ്ഞിരുന്നു. താന്‍ കള്ളം പറഞ്ഞെന്ന ഫഡ്നാവിസിന്‍റെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് ഉദ്ധവ് താക്കറേ ബിജെപിയെ വെല്ലുവിളിച്ചത്. താന്‍ കള്ളം പറഞ്ഞിട്ടില്ല. കള്ളം പറയുന്നത് ഫഡ്നാവിസാണ്. അത്തരക്കാരുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഉദ്ധവ് താക്കറേ അഭിപ്രായപ്പെട്ടിരുന്നു.
ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതോടെയാണു മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.