സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ; രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്ത് ഗവർണർ

ന്യൂഡൽഹി: സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുമ്പോൾ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ഭഗത് സിങ് കോഷിയാരി ശുപാർശ ചെയ്തു. മൂന്ന് പാര്‍ട്ടികള്‍ക്കും നിലപാട് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണം സാധ്യമല്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഭരണഘടനയുടെ 356-ാം അനുച്ഛേദം പ്രകാരമാണ് ശുപാര്‍ശ.

സർക്കാർ രൂപീകരിക്കുന്നതിൽ നിലപാടറിയിക്കാൻ ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിവരെയാണ് ഗവർണർ എൻസിപിക്ക് സമയം നൽകിയിരുന്നത്. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിന് ഗവർണർ ശുപാർശ ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുപ്പു ഫലം പുറത്തു വന്ന് 18 ദിവസങ്ങള്‍ക്കു ശേഷവും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് പ്രതിസന്ധി തുടരുന്നതിനിടെയാണ് രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ ചെയ്തു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഗവര്‍ണര്‍ റിപ്പോര്‍ട്ടു നല്‍കിയത്. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി വിളിച്ച അടിയന്തര കേന്ദ്രമന്ത്രി സഭാ യോഗം രാഷ്ട്രപതി ഭരണം സംബന്ധിച്ച ശുപര്‍ശ അംഗീകരിച്ചതായാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീല്‍ സന്ദര്‍ശനത്തിന് ഇന്ന് പുറപ്പെടുന്നതു കണക്കിലെടുത്താണ് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നത്.

ബിജെപിക്ക് 105, ശിവസേന-56, എൻസിപി-54, കോൺഗ്രസ് – 44 എന്നിങ്ങനെയാണ് മഹാരാഷ്ട്രയിലെ കക്ഷി നില.288 അംഗ നിയമസഭയിൽ 145 അംഗങ്ങളുടെ പിന്തുണയാണ് സർക്കാർ രൂപവത്കരണത്തിന് ആവശ്യമായത്. ഭരണത്തിൽ 50:50 അനുപാതം പാലിക്കണമെന്നും രണ്ടര വർഷം മുഖ്യമന്ത്രി പദവി പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു ശിവസേന രംഗത്തെത്തിയതോടെയാണു മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം തെളിയിക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവർണർ ക്ഷണിച്ചെങ്കിലും അംഗസഖ്യയില്ലാത്തതിനാല്‍ അവര്‍ പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ കക്ഷിയായ ശിവസേനയെയും ക്ഷണിച്ച ഗവര്‍ണര്‍ 24 മണിക്കൂര്‍ സമയമാണ് അനുവദിച്ചത്. പിന്തുണ സംബന്ധിച്ച് കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിക്കാത്തതിനാല്‍ തിങ്കളാഴ്ച വൈകിട്ട് ഗവര്‍ണറെ സന്ദര്‍ശിച്ച ശിവസേന നേതാക്കള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ശിവസേനയുടെ ആവശ്യം നിരസിച്ച ഗവര്‍ണര്‍, സര്‍ക്കാര്‍ രൂപീകരണത്തിനു സന്നദ്ധത ആരാഞ്ഞ് തിങ്കളാഴ്ച രാത്രി എന്‍സിപിക്ക് ഗവര്‍ണര്‍ കത്തു നല്‍കി. .എൻസിപിക്ക് നൽകിയിരുന്ന സമയം രാത്രി എട്ടുമണിക്ക് അവസാനിക്കും.

Top