കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍

farmers strike

ന്യൂഡല്‍ഹി: കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. സമരം നടത്തിവന്ന കര്‍ഷകര്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനമായത്.

ഇതിനുള്ള നടപടിക്രമങ്ങള്‍ക്കായി ഒരു സമിതി രൂപവത്കരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.മഹാരാഷ്ട്രയിലെ കര്‍ഷകര്‍ കഴിഞ്ഞ 11 ദിവസമായി നടത്തി വന്ന സമരം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

വായ്പ എഴുതിത്തള്ളുന്നതിനൊപ്പം ഉന്നയിച്ച മറ്റ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചതായും ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ ജൂണ്‍ 12 മുതല്‍ കൂടുതല്‍ ശക്തമായി സമരം പുനരാരംഭിക്കുമെന്നും സമരം നടത്തിവന്ന കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, സൗജന്യമായി വൈദ്യുതി അനുവദിക്കുക, കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ശരിയായ വില ഉറപ്പുവരുത്തുക, ജലസേചനത്തിന് സഹായം നല്‍കുക, അറുപത് വയസ്സിന് മുകളിലുള്ള കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, എംഎസ് സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരം നടത്തിവന്നത്.

കര്‍ഷകര്‍ സമരത്തിന്റെ ഭാഗമായി പച്ചക്കറികളും പാലും റോഡില്‍ ഒഴുക്കി നടത്തിയ സമരം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ലക്ഷക്കണക്കിനു കര്‍ഷകര്‍ പങ്കെടുത്ത സമരം കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ശക്തിയാര്‍ജ്ജിക്കുകയും നിരവധി അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തിരുന്നു.

Top