കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് രാജ്യത്തൊട്ടാകെ സിനമാ-സീരിയല്‍ ഷൂട്ടിങ്ങുകള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. നിലവില്‍ രാജ്യം ലോക് ഡൗണിന് പുറത്തേയ്ക്ക് കടക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഷൂട്ടിങ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കുമെന്നാണ് സിനിമാസംഘടനകളുടെ പ്രതീക്ഷ.
ഈ പശ്ചാത്തലത്തില്‍ സിനിമകളുടേയും വലിയ സെറ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി ആരംഭിക്കാനിരുന്ന സിനിമകളുടേയും ഷൂട്ടിങ്ങ് തുടങ്ങുവാന്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുമാത്രമേ ഷൂട്ടിങ് തുടങ്ങാവൂ എന്നാണ് നിര്‍ദേശം.
പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ
1. ശുചീകരണം കൃത്യമായി പാലിക്കണം. മാസ്‌ക്കുകളും സാനിറ്റൈസറുകളും സെറ്റില്‍ നിര്‍ബന്ധമാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ അടക്കം ഏവരും ഇടയ്ക്കിടെ കൈകള്‍ സോപ്പിട്ട് കഴുകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
2. നിര്‍മ്മാതാവും സംവിധായക ഡിപ്പാര്‍ട്ട്മെന്റും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഷൂട്ടിങ്ങില്‍ പങ്കെടുക്കേണ്ട ആളുകളുടെ എണ്ണം പരമാവധി കുറച്ച് ലിസ്റ്റിടുക. സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്ന 33 ശതമാനത്തിലേക്ക് ആളുകളിലേക്ക് പരിമിതിപ്പെടുത്തുക .
3. ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഏവരുടെയും ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം. മൂന്നു ശൗചാലയങ്ങളെങ്കിലും നിര്‍ബന്ധമായും സെറ്റുകളില്‍ ഉണ്ടായിരിക്കണം. അവ കൃത്യമായി ശുചീകരിക്കുകയും വേണം.
4. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ ആരോഗ്യവിവരങ്ങള്‍ പരിചയ സമ്പന്നനായ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കണം. രോഗ സാധ്യതയുള്ളവരെയും പ്രതിരോധ ശേഷി കുറഞ്ഞവരേയും അവരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കി മാറ്റി നിര്‍ത്തുക. ഷൂട്ടിങ്ങിലുടനീളം ഈ മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമായിരിക്കണം.
5. ഗര്‍ഭിണികളായ ജോലിക്കാര്‍ക്ക് സെറ്റില്‍ പ്രവേശനമില്ല. ജോലിയിലുള്ള ആളുടെ ഭാര്യ ഗര്‍ഭിണിയെങ്കില്‍ അയാളും സെറ്റില്‍ വരേണ്ടതില്ല.
6. 65 വയസ്സിന് മുകളിലുള്ളവര്‍ക്കും സെറ്റുകളില്‍ പ്രവേശനമില്ല.
7. കാസ്റ്റിംഗ് കഴിവതും ഫേസ്‌ടൈം, സൂം, സ്‌കൈപ്പ് തുടങ്ങിയ ആപ്പുകളുടെ സഹായത്തോടെ ചെയ്യണം. ഓഡീഷന്‍ നിര്‍ബന്ധമെങ്കില്‍ സാമൂഹിക അകലം പാലിച്ച് മാത്രം ആവാം. ലഞ്ച് ബ്രേക്കുകളില്‍ ആവശ്യമില്ലാത്ത കൂടിച്ചേരലുകള്‍ അനുവദനീയമല്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ആവശ്യമുണ്ടെങ്കില്‍ മാത്രം വയ്ക്കുക.
8. സെറ്റില്‍ സന്ദര്‍ശകരെ കര്‍ശനമായും ഒഴിവാക്കുക.
9. മാസ്‌ക് നിര്‍ബന്ധമാണ്. ഉപയോഗിച്ച മാസ്‌കുകള്‍ ഗ്ലൗസുകള്‍ എന്നിവ നിക്ഷേപിക്കാനുള്ള ഡസ്റ്റ് ബിന്നുകളും അവ നശിപ്പിക്കാനുള്ള സംവിധാനങ്ങളും കരുതേണ്ടതാണ്.
10. ഷൂട്ടിങ്ങ് ലൊക്കേഷന്‍ , വാഹനങ്ങള്‍ , ഹോട്ടല്‍ മുറികള്‍ എന്നിവിടങ്ങളില്‍ ആളുകളുടെ കൃത്യമായ എണ്ണം കണക്കാക്കി സാമൂഹിക അകലം പാലിക്കാന്‍ ആവശ്യമായ മുറികളുടേയും വാഹനങ്ങളുടെയും എണ്ണവും സൗകര്യവും നടപ്പിലാക്കുക .
11. ഷൂട്ടിങ്ങ് സ്പോട്ടില്‍ മാറ്റങ്ങള്‍ വരുത്തേണ്ട സമയം ആര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിലെ ആളുകള്‍ മാത്രമേ സെറ്റില്‍ ഉണ്ടാകാവൂ .
.12. ഷൂട്ടിങ്ങില്‍ പങ്കെടുക്കുന്നവരുടെ ആരോഗ്യവിവരങ്ങള്‍ പരിചയ സമ്പന്നനായ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക. രോഗ സാധ്യതയുള്ളവരെയും പ്രതിരോധ ശേഷി കുറഞ്ഞവരേയും അവരുടെ സുരക്ഷക്ക് പ്രാധാന്യം നല്‍കി മാറ്റി നിര്‍ത്തുക. ഷൂട്ടിങ്ങിലുടനീളം ഈ മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമായിരിക്കണം. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടും ഡാറ്റയും പ്രൊഡക്ഷന്‍ ടീമിന്റെ ഉത്തരവാദിത്തത്തിലാണ് സൂക്ഷിക്കേണ്ടത്.