മഹാരാഷ്ട്രയിലെ വെര്‍സോവ-ബാന്ദ്ര കടല്‍പ്പാലം പുനര്‍നാമകരണം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍

 

 

മുംബൈ: മഹാരാഷ്ട്രയിലെ വെര്‍സോവ-ബാന്ദ്ര കടല്‍പ്പാലം ഇനി വീര്‍ സവര്‍ക്കര്‍ സേതു എന്നറിയപ്പെടും.
നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കും പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. അടല്‍ ബിഹാരി വാജ്പേയി സ്മൃതി ന്ഹാവാ ശേവാ അടല്‍ സേതു എന്നാണ് പുതിയ പേര്.

വെര്‍സോവ-ബാന്ദ്ര കടല്‍പ്പാലത്തിന് സവര്‍ക്കറുടെ പേര് നല്‍കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ പ്രഖ്യാപിച്ചിരുന്നു. രണ്ടു പാലങ്ങളും രാജ്യത്തെ രണ്ട് മഹദ് വ്യക്തിത്വങ്ങളുടെ പേരുകളാല്‍ പുനര്‍നാമകരണം ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ ഒരു വിവാദവും ഉണ്ടാകില്ലെന്ന് ബി.ജെ.പി. നേതാവും മന്ത്രിയുമായ സുധീര്‍ മുനംഗ്ടീവാര്‍ പറഞ്ഞു.

കോസ്റ്റല്‍ റോഡ് പ്രോജക്ടിന്റെ ഭാഗമായ വെര്‍സോവ-ബാന്ദ്ര കടല്‍പ്പാലത്തിന് 17 കിലോമീറ്ററാണ് നീളം. അന്ധേരിയെയും ബാന്ദ്ര-വോര്‍ളി സീ ലിങ്കിനെയുമാണ് ബന്ധിപ്പിക്കുന്നത്. മുംബൈയെയും നവി മുംബൈയെയുമാണ് മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് ബന്ധിപ്പിക്കുന്നത്. ഇതിന്റെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

Top