ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രോഗബാധിതര്‍ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നത് ആശങ്കയാകുന്നു. രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും വലിയ വര്‍ധനവാണ് ഇന്ന് ഉണ്ടായത്. ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണ് ഡല്‍ഹിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ കൊവിഡ് മരണം 3500 കടന്നു.
ഇന്ന് 152 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 3,590 ആയി. ഒരു ദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണിത്. ഒരു ദിവസം മരണസംഖ്യ 150 കടക്കുന്നത് ഇത് ആദ്യമായിട്ടാണ്. 3607 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 97,648 ആയി.
മുംബൈയില്‍ ഇതുവരെ 54,085 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യ്തു. 1954 പേര്‍ മരിക്കുകയും ചെയ്തു. ഇന്ന് മാത്രം 1418 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗവ്യാപനമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 1877 കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ആകെ കേസുകള്‍ 34687 ആയി. 24 മണിക്കൂറിനിടെ 65 പേര്‍ മരിച്ചു. ആകെ മരണം 1085 ആയി.
12731 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായത്. നിലവില്‍ 20871 പേരാണ് രാജ്യ തലസ്ഥാനത്ത് ചികിത്സയിലുള്ളത്. ഡല്‍ഹിയില്‍ ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. ഐ സി എം ആര്‍ അംഗീകരിച്ച ലാബുകളുള്ള ആശുപത്രികള്‍ക്ക് പരിശോധന നടത്താമെന്ന് കോടതി അറിയിച്ചു.