മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെ അറസ്റ്റ് ചെയ്തു. രാവിലെ ആറിന് നവാബ് മാലിക്കിന്റെ വീട്ടിലെത്തിയ സംഘം അദ്ദേഹത്തെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
പിന്നീട് മാലിക്കിനെ ഇഡി ഓഫീസിലേക്കു കൊണ്ടുപോയി. ഇവിടെ നടത്തിയ ചോദ്യം ചെയ്യലിനു ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട അധോലോക കള്ളപ്പണ വെളിപ്പിക്കല്‍ കേസിലാണ് 62 കാരനായ മന്ത്രിയെ ഇഡി ചോദ്യം ചെയ്തത്. ദക്ഷിണ മുംബൈയിലെ ഇഡി ഓഫീസിന് സമീപമുള്ള പാര്‍ട്ടി ആസ്ഥാനത്ത് എന്‍സിപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനും അന്വേഷണ ഏജന്‍സിക്കും എതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതില്‍ നവാബ് മാലിക് ദുരൂഹത ആരോപിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനും ബിജെപി നേതാക്കന്മാര്‍ക്കുമെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു.