മുംബൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൈനികരുടെ ഭാര്യമാരെപ്പറ്റി മോശമായി സംസാരിച്ച മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ അംഗത്തെ ഒന്നര വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.
ബി.ജെ.പി പിന്തുണയില്‍ സോലാപൂരില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍.സി പ്രശാന്ത് പരിചാരകിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രശാന്തിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും എന്‍.സി.പിയും ഭരണപക്ഷത്തെ ശിവസേനയും കഴിഞ്ഞ മൂന്നു ദിവസമായി മഹാരാഷ്ട്ര നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തിയിരുന്നു.
ഇതുസംബന്ധിച്ച് കൗണ്‍സില്‍ അധ്യക്ഷന്‍ രാംരാജെ നിമ്പാല്‍ക്കറുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണവും നടക്കും. വര്‍ഷത്തില്‍ നാട്ടില്‍വരാതെ അതിര്‍ത്തിയില്‍ കാവല്‍നില്‍ക്കുന്ന സൈനികര്‍ ഭാര്യമാരുടെ പ്രസവ വിവരമറിഞ്ഞ് മധുരം വിതരണം ചെയ്യുന്നുവെന്ന് പറഞ്ഞാണ് പ്രചാരക് പരിഹസിച്ചത്. പരസ്യമായി മാപ്പുപറഞ്ഞെങ്കിലും പുറത്താക്കണമെന്ന് പ്രതിപക്ഷം ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.