മുംബൈ : ബുള്ളറ്റ് ഫ്രൂഫ് ധരിച്ചിട്ടും മുംബൈ ആക്രമണത്തില്‍ ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടത് വന്‍ വിവാദമായിരുന്നു. 2008 നംബറിലാണ് എംകെ 47 നുമായെത്തിയ അജ്മല്‍ കസബ് ഭീകരാക്രമണം നടത്തിയത്. ആക്രമണത്തില്‍ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെ വീരമൃത്യു വരിച്ചിരുന്നു. എന്നാല്‍ സംഭവം നടന്നിട്ട് പത്തു വര്‍ഷം കഴിഞ്ഞിട്ടും എ.കെ 47-നിലെ വെടിയുണ്ടകളെ നേരിടാന്‍ മുംബൈ പൊലീസ് പ്രാപ്തമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഈ സാഹചര്യത്തിലാണ് പൊലീസ് സേനയ്ക്കും ഭീകരാക്രമണങ്ങളെ നേരിടാനായി പ്രത്യേകം രൂപീകരിച്ച കമാന്‍ഡോ സേനയ്ക്കും ഉള്‍പ്പെടെ ഗുണമേന്മയുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്കായി ആഭ്യന്തര വകുപ്പ് ശ്രമം തുടങ്ങിയത്. എന്നാല്‍ വിവാദത്തിന്റെ നിഴലില്‍ പല കമ്പനികളും കരാര്‍ ഏറ്റെടുക്കാന്‍ തയാറായില്ല. ഒടുവില്‍ എത്തിയ കാണ്‍പുര്‍ ആസ്ഥാനമായുള്ള കമ്പനിയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിര്‍മിച്ചു നല്‍കിയത്.
മഹാരാഷ്ട്രയില്‍ മാവോയിസ്റ്റുകളെ നേരിടാനുള്ള പൊലീസ് സേനയ്ക്കും മുംബൈ പൊലീസിലെ ധ്രുത കര്‍മ സേനയ്ക്കും ഭീകരാക്രമണം നേരിടാനായി രൂപീകരിച്ച സ്‌പെഷല്‍ കമാന്‍ഡോ വിഭാഗമായ ഫോഴ്‌സ് വണ്ണിനും വേണ്ടിയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങിയത്.
അതേസമയം കാണ്‍പുരിലെ കമ്പനി നിര്‍മിച്ചു നല്‍കിയ 1430 ജാക്കറ്റുകളെ തുളച്ചു കൊണ്ടാണ് എകെ47 വെടിയുണ്ടകള്‍ കടന്നു പോയത്. ഫൊറന്‍സിക് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കാത്ത ജാക്കറ്റുകളെല്ലാം പൊലീസ് തിരിച്ചയച്ചു. പുതിയ ജാക്കറ്റുകള്‍ നിര്‍മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവയും പരിശോധിച്ചതിനു ശേഷം മാത്രമേ കരാര്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും എഡിജിപി വി.വി.ലക്ഷ്മിനാരായണ പറഞ്ഞു.
കേന്ദ്ര സേനയ്ക്കും ജാക്കറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയുടെ ഉല്‍പന്നങ്ങളിലാണ് പരിശോധനയില്‍ സുരക്ഷാവീഴ്ചയുണ്ടെന്നു തെളിഞ്ഞത്. 17 കോടി രൂപയ്ക്ക് 5000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്കാണ് പൊലീസ് ഓര്‍ഡര്‍ നല്‍കിയത്. ഇതില്‍ 4600 എണ്ണം നിര്‍മിച്ചുകിട്ടി. അതില്‍ത്തന്നെയുള്ള 1430 ജാക്കറ്റുകളിലാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്. മൂന്നു വ്യത്യസ്ത ബാച്ചുകളില്‍ നിന്നുള്ള ജാക്കറ്റുകളായിരുന്നു ഇവ. ഛണ്ഡിഗഢ് ആസ്ഥാനമായുള്ള കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലായിരുന്നു സുരക്ഷാ പരിശോധന.