മഹാരാഷ്ട്രയില്‍ നടന്നത് കൊടും രാഷ്ട്രീയ വഞ്ചനയാണ്. ബി.ജെ.പിയോടൊപ്പം കൂടി ഈ വഞ്ചന കാട്ടിയത് പ്രധാനമായും എന്‍.സി.പിയാണ്. വിശ്വസിച്ച് യു.പി.എക്ക് വോട്ട് ചെയ്തവരെയാണ് അവര്‍ വഞ്ചിച്ചിരിക്കുന്നത്. ഇനി സെക്യുലര്‍ പാര്‍ട്ടി എന്ന് ഒരിക്കലും എന്‍.സി.പിയെ വിളിക്കാന്‍ സാധിക്കുകയില്ല.
‘തൂണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി’ എന്ന അവസ്ഥയിലാണ് മഹാരാഷ്ട്രയിലെ കാര്യങ്ങളിപ്പോള്‍. ശിവസേന – ബി.ജെ.പി – കോണ്‍ഗ്രസ്സ് സഖ്യം അധികാരത്തിലേറാനിരിക്കെ നടന്ന രാഷ്ട്രീയ അട്ടിമറിയില്‍ ഞെട്ടിയിരിക്കുകയാണിപ്പോള്‍ രാജ്യം. രാത്രിയുടെ നിഴലില്‍ നടന്ന ഈ ‘നാടകം’ നമ്മുടെ ജനാധിപത്വത്തിന് നല്‍കുന്ന സന്ദേശവും ഇരുള്‍ നിറഞ്ഞതാണ്.
മതേതര പാര്‍ട്ടികള്‍ക്കൊപ്പം മത്സരിച്ച് വിജയിച്ച ശേഷം കാവി പാളയത്തില്‍ ചേക്കേറിയ എന്‍.സി.പിക്ക് ഇനിയൊരിക്കലും രാഷ്ട്രീയ ധാര്‍മ്മികത അവകാശപ്പെടാനാവില്ല. ശരദ് പവാറിന്റെ അനുഗ്രഹാശംസകളോടെ തന്നെയാണ് മരുമകന്‍ അജിത് പവാര്‍ എന്‍.സി.പിയെ പിളര്‍ത്തിയിരിക്കുന്നത്. എന്‍.സി.പിയുടെ തീരുമാനമല്ല ഇതെന്ന് ശരദ് പവാര്‍ പറഞ്ഞാലൊന്നും വിശ്വസിക്കാന്‍ പറ്റുകയില്ല. മോദിയുമായി പവാര്‍ കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറി ഉണ്ടായിരിക്കുന്നത്. ഇക്കാര്യം വ്യക്തവുമാണ്. കേന്ദ്ര ഏജന്‍സികളെ പേടിച്ചിട്ടാണോ അതോ രാഷ്ട്രപതി വാഗ്ദാനത്തില്‍ വീണിട്ടാണോ ഈ പിന്തുണയെന്നതാണ് ഇനി അറിയാനുള്ളത്.
എന്‍.സി.പിയുടെ 54 എം.എല്‍.എമാരില്‍ ഭൂരിപക്ഷവും ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാറിനെ പിന്തുണയ്ക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ഈ വിഭാഗത്തിന് സംസ്ഥാന മന്ത്രി സ്ഥാനങ്ങള്‍ മാത്രമല്ല, കേന്ദ്ര മന്ത്രി സ്ഥാനങ്ങളും ഇനി ലഭിക്കും. മോദിയുടെ ബുള്ളറ്റ് ട്രയിനിന് ആപ്പ് വയ്ക്കാനിറങ്ങിയ കോണ്‍ഗ്രസ്സിന്റെ നെഞ്ചത്താണിപ്പോള്‍ ശരിക്കും ബുള്ളറ്റ് തറച്ചിരിക്കുന്നത്.
പ്രതികാര രാഷ്ട്രീയത്തിന്റെ പരിണിത ഫലം ഇനി കോണ്‍ഗ്രസ് മാത്രമല്ല ശിവസേനയും അനുഭവിക്കേണ്ടി വരും. ഈ രണ്ട് പാര്‍ട്ടികളിലെയും എം.എല്‍.എമാരില്‍ ഒരു വിഭാഗത്തെ ബി.ജെ.പി വല വീശിപ്പിടിക്കാനും സാധ്യത കൂടുതലാണ്.
കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് അടക്കം നിരവധി കോണ്‍ഗ്രസ്സ് – എന്‍.സി.പി അംഗങ്ങളാണ് കാവിയണിഞ്ഞിരുന്നത്. ആ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ നഷ്ടം കൂടുതല്‍ ശിവസേനക്കായിരിക്കും സംഭവിക്കുക. 56 അംഗങ്ങളില്‍ എത്ര എം.എല്‍.എമാര്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ ഉദ്ധവ് താക്കറെയ്ക്ക് പോലും ഒരു ഉറപ്പുമില്ലന്നതാണ് നിലവിലെ അവസ്ഥ.
മുഖ്യമന്ത്രി പദം സ്വപ്നം കണ്ട് ഉറങ്ങാന്‍ പോയ ഉദ്ധവ് ഉറക്കമെണീറ്റത് തന്നെ ഫട്‌നാവിസ് മുഖ്യമന്ത്രിയായ വാര്‍ത്ത കേട്ടുകൊണ്ടാണ്.
മോദിയുടെയും അമിത് ഷായുടെയും ചാണക്യ തന്ത്രങ്ങള്‍ക്ക് മുന്നിലാണ് ഉദ്ധവിനിവിടെ ചുവട് പിഴച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രിപദവും നേര്‍ പകുതി മന്ത്രി സ്ഥാനവും നല്‍കാമെന്ന് ബി.ജെ.പി പറഞ്ഞിട്ടും അത് കേള്‍ക്കാതിരുന്നതാണ് ഈ തിരിച്ചടിക്ക് കാരണം.ഇനി ശിവസേന എന്ന പാര്‍ട്ടിയെ തന്നെ നശിപ്പിക്കാനുള്ള നീക്കങ്ങളായിരിക്കും ബി.ജെ.പി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പോകുന്നത്.
ശിവസേനക്കൊപ്പം സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ്സും നാണം കെട്ടുകഴിഞ്ഞു.രാഷ്ട്രിയ പരമായ അവരുടെ ധാര്‍മ്മികതയാണ് ശിവസേനയുമായി കൂട്ട് കൂടാന്‍ ശ്രമിച്ചതിലൂടെ നഷ്ടമായിരിക്കുന്നത്.
എല്ലാ രാഷ്ട്രീയ നാടകങ്ങള്‍ക്കും പിന്നില്‍ നിന്നും ചരട് വലിച്ചത് എന്‍.സി.പി നേതാവ് ശരദ് പവാറാണ്. രണ്ട് തോണിയില്‍ കാലുവച്ചുള്ള പവാറിന്റെ പവര്‍ പൊളിറ്റിക്‌സാണ് ഇവിടെ വിജയിച്ചിരിക്കുന്നത്. മരുമകനെ തള്ളിപ്പറഞ്ഞ് യു.പി.എയിലും തുടരാനുള്ള പവാറിന്റെനീക്കം കോണ്‍ഗ്രസ്സാണ് തടയേണ്ടത്. ഉടന്‍ തന്നെ യു.പി.എ മുന്നണിയില്‍ നിന്നും എന്‍.സി.പിയെ പുറത്താക്കുകയാണ് വേണ്ടത്. അധികാരത്തിന്റെ അപ്പക്കഷ്ണം നുണയാന്‍ ആരുമായും കൂട്ട് കൂടാന്‍ മടിയില്ലാത്ത പാര്‍ട്ടിയാണ് എന്‍സിപിയെ പോലെ തന്നെ കോണ്‍ഗ്രസും.
ശിവസേനയുമായി ഒന്നിച്ച് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ചതിലൂടെ ദൃശ്യമായിരുന്നതും അതാണ്.പൊതു മിനിമം പരിപാടി എന്ന തട്ടിപ്പ് പരിപാടി ഉണ്ടാക്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് കോണ്‍ഗ്രസ്സും എന്‍.സി.പിയും മുമ്പ് ശ്രമിച്ചിരുന്നത്.
ശിവസേന ഇതുവരെ അവരുടെ പ്രത്യോയ ശാസ്ത്രപരമായ നിലപാടുകള്‍ മാറ്റിയിട്ടില്ല. ഇനി മാറ്റുമെന്ന ഒരു സൂചനയും നല്‍കിയിട്ടുമില്ല. മുഖ്യമന്ത്രി പദം നല്‍കാത്തതില്‍ മാത്രമാണ് ബി.ജെ.പിയോട് ആ പാര്‍ട്ടിക്ക് എതിര്‍പ്പുള്ളത്. അതാകട്ടെ ശരിക്കും അധികാര കേന്ദ്രീകരണവുമാണ്.
ശിവസേനക്കൊപ്പം അധികാരത്തില്‍ എത്താന്‍ ശ്രമിച്ചതോടെ കോണ്‍ഗ്രസ്സിന്റെ സെക്യുലര്‍ സ്വഭാവമാണ് നഷ്ടമായിരുന്നത്..എന്‍.സി.പിക്ക് നഷ്ടമാകാന്‍ കേരളത്തിലെ ഒരു മന്ത്രി പദവി മാത്രമേ ബാക്കിയുള്ളൂ. അതിന് പകരം ഇപ്പോള്‍ ബിജെപിയുമായി ചേര്‍ന്ന് ഉപമുഖ്യമന്ത്രി പദം ഉള്‍പ്പടെയാണ് എന്‍സിപിയിലെ ഒരു വിഭാഗം നേടിയിരിക്കുന്നത്.
ഒരു സീറ്റേ ഒള്ളൂവെങ്കിലും ഉറച്ച നിലപാടാണ് മഹാരാഷ്ട്രയുടെ കാര്യത്തിലും സി.പി.എമ്മിനുള്ളത്. അതാകട്ടെ കാവി രാഷ്ട്രീയത്തിന് എതിരുമാണ്. ബിജെപിയെ മാത്രമല്ല ശിവസേനയെയും ഒരിക്കലും പിന്തുണയ്ക്കില്ലെന്ന നിലപാടിലാണ് സിപിഎം.
ഒരേ തൂവല്‍ പക്ഷികളാണ് ശിവസേനയും ബി.ജെ.പിയുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇപ്പോഴും ഇല്ലന്നതാണ് സി.പി.എം നിലപാട്. ബി.ജെ.പിയെ പരാജയപ്പെടുത്തി ദഹാനു മണ്ഡലത്തില്‍ നിന്നും വിജയിച്ച വിനോദ് നികോളെ ഭിവ ആണ് സി.പി.എമ്മിന്റെ ഏക എം.എല്‍.എ.
മഹാരാഷ്ട്രയില്‍ എട്ട് സീറ്റില്‍ മാത്രമാണ് സിപിഎം മത്സരിച്ചിരുന്നത്. സിറ്റിങ് സീറ്റായിരുന്ന കല്‍വാന്‍ സിപിഎമ്മിന് കൈവിട്ടുപോയത് എന്‍.സി.പി ചതിച്ചതുകൊണ്ട് മാത്രമാണ്. ഇവിടെ ഒറ്റയ്ക്ക് മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി ജെ.പി ഗാവിറ്റിന് 80,072 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞിരുന്നു. വിജയിച്ച എന്‍.സി.പി-കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിധിന്‍ പവാറിന് കിട്ടിയതാകട്ടെ 86,474 വോട്ടുകളാണ്. ഈ മണ്ഡലത്തില്‍ ബി.ജെ.പി-ശിവസേന സഖ്യത്തിന് ലഭിച്ചത് 22,990 വോട്ടുകള്‍ മാത്രമാണ്. നാസിക്ക് വെസ്റ്റില്‍ സിപിഎം സ്ഥാനാര്‍ഥി ഡി എല്‍ കരാഡ് 22,407 വോട്ടും സോലാപ്പുര്‍ സെന്‍ട്രലില്‍ സിപിഎം സ്ഥാനാര്‍ഥി ആദം നരസയ്യ 10,485 വോട്ടും നേടുകയുണ്ടായി.
സി.പി.എം കേരളത്തില്‍ കാണിച്ച പരിഗണനയുടെ ഒരു ചെറിയ അംശമെങ്കിലും എന്‍.സി.പി തിരിച്ച് കാട്ടിയിരുന്നെങ്കില്‍ കൂടുതല്‍ സീറ്റ് നേടാന്‍ സി.പി.എമ്മിന് കഴിയുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്‍.സി.പിയുടെ അധികാര കൊതിയാണ് ധാരണ പൊളിയാന്‍ കാരണമായിരുന്നത്. ഇതേ കൊതി തന്നെയാണ് ഇപ്പോള്‍ ബിജെപിക്കൊപ്പം കൂടാനും എന്‍.സി.പിയിലെ ഒരു വിഭാഗത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. ഈ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്.
ഇനിയും എന്‍.സി.പിയെ കേരളത്തില്‍ ഇടതു മുന്നണിയില്‍ നില നിര്‍ത്താന്‍ പാടില്ല. മന്ത്രി എ.കെ ശശീന്ദ്രനെ പുറത്താക്കാന്‍ പിണറായി സര്‍ക്കാര്‍ ഉടന്‍ തയ്യാറാവണം. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പാര്‍ട്ടിയാണെന്ന് എന്‍.സി.പി വീണ്ടും തെളിയിച്ചിരിക്കുകയാണ്.
ഇത്തരം ആളില്ലാ പാര്‍ട്ടികളെ കേരളത്തില്‍ ചുമക്കുന്നത് വഴി പ്രതിരോധത്തിലാകുന്നത് ഇടതുപക്ഷ രാഷ്ട്രീയം കൂടിയാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് വേണം സിപിഎം നേതൃത്വം നിലപാട് സ്വീകരിക്കേണ്ടത്.
Express View