ആ പ്രത്യയശാസ്ത്രം ഇവരുടെ ജീവിതം, ചുവപ്പ് വീണ്ടും അഭിമാനമാകുമ്പോള്‍ . . .

സോഷ്യല്‍ മീഡിയയിലിപ്പോള്‍ സൂപ്പര്‍ ഹീറോയായിരിക്കുന്നത് ഒരു ദരിദ്ര എം.എല്‍.എയാണ്.അത് മറ്റാരുമല്ല മഹാരാഷ്ട്രയിലെ ദഹാനു മണ്ഡലത്തിലെ ‘സി.പി.എം’എം.എല്‍.എയായ വിനോദ് നിക്കോളെയാണ്.

മഹാരാഷ്ട്രയിലെ 288എം.എല്‍.എമാരില്‍ നിക്കോളെയെ മാത്രം വ്യത്യസ്തനാക്കുന്നത് ‘ഒറ്റയാണെങ്കിലും ഒറ്റുകാരനാവില്ല’എന്നത് തന്നെയാണ്.

മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂറു മാറ്റം ഭയന്ന് എം.എല്‍.എമാരെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും മാറ്റുമ്പോള്‍ നിക്കോളെ ഉറങ്ങുന്നത് സ്വന്തം കൂരയിലാണ്. ഒരു എം.എല്‍.എയുടെ വോട്ട് പോലും നിര്‍ണ്ണായകമായ മഹാരാഷ്ട്രയില്‍ കോടികള്‍ക്കും മീതെയാണ് നിക്കോളെയിപ്പോള്‍ പറക്കുന്നത്.

സംസ്ഥാനത്തെ ഏറ്റവും ദരിദ്രനായ ഈ എം.എല്‍.എയെ വിലക്കെടുക്കാനും സ്വാധീനിക്കാനും കഴിയില്ലന്നത് ചുവപ്പ് രാഷ്ട്രീയത്തിന്റെ പ്രത്യായ ശാസ്ത്ര ബോധത്തെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്.

2018ല്‍ നാസിക്കില്‍ നിന്നും ആരംഭിച്ച് മുംബൈയെ വിറപ്പിച്ച കര്‍ഷക സമരത്തിന്റെ നായകന്‍ കൂടിയാണ് വിനോദ് നിക്കോളെ.

ബി.ജെ.പി നേതാവിനെ മലര്‍ത്തിയടിച്ചാണ് അദ്ദേഹം ദഹാനു മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ചിരുന്നത്. ‘ചുവപ്പ് ഒരു തരിമതി’ എന്ന് ചുമ്മാ പറയുന്നതല്ലന്ന കാര്യം ഇപ്പോള്‍ മഹാരാഷ്ട്ര തന്നെയാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

ഈ സി.പി.എം എം.എല്‍.എയെ കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് നിറയെ അഭിനന്ദനങ്ങളാണ്. അതിന് ഭാഷയുടെ അതിര്‍വരമ്പുകളൊന്നുമില്ല. ദേശീയ തലത്തില്‍ തന്നെ അതങ്ങിനെ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. അവസരവാദ രാഷ്ട്രീയ കളരിയിലെ ഉറച്ച നിലപാടിനുള്ള ജനപിന്തുണയാണിത്.

തീവ്രഹിന്ദുത്വ വാദം പ്രത്യായ ശാസ്ത്രമാക്കിയ ശിവസേനയെയും ബി.ജെ.പിയെയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായാണ് സി.പി.എം വിലയിരുത്തുന്നത്. ഇതിനെതിരെ ജനങ്ങള്‍ നല്‍കിയ പിന്തുണ അവസാന ശ്വാസം വരെ കാത്തു സൂക്ഷിക്കുമെന്നതാണ് നിക്കോളെയുടെയും നിലപാട്.

മഹാരാഷ്ട്ര ഭരണം പിടിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുവേണ്ടി പണചാക്കുമായി ഇറങ്ങിയവര്‍ക്ക് ദഹാനു നല്‍കുന്നത് നോ എന്‍ട്രിയാണ്. ജനാതിപത്യത്തെ പണകൊഴുപ്പിന്റെ അറവുശാലയാക്കുന്നവര്‍ക്കുള്ള തിരിച്ചടി കൂടിയാണിത്. സെക്യുലര്‍ പാര്‍ട്ടികളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്സ് – എന്‍.സി.പി നേതൃത്വങ്ങള്‍ കണ്ടു പഠിക്കേണ്ട മാതൃകയാണിത്. ശിവസേനയുമായി സര്‍ക്കാറുണ്ടാക്കാന്‍ ഒരു മടിയുമില്ലാത്ത പാര്‍ട്ടികളാണ് ഈ രണ്ടു പാര്‍ട്ടികളും. സ്വന്തം വോട്ടര്‍മാരെ വഞ്ചിക്കുന്ന നിലപാടാണിത്.

ബി.ജെ.പിക്ക് പിന്തുണ നല്‍കാന്‍ എന്‍.സി.പിയിലെ ഒരു വിഭാഗം നടത്തിയ നീക്കവും അധികാര കൊതി മൂലമാണ്. ഉപമുഖ്യമന്ത്രിയായ അജിത് പവാര്‍ ഒറ്റക്ക് എന്‍.സി.പിയെ പിളര്‍ത്തിയെന്നതും വിശ്വസിക്കാന്‍ കഴിയില്ല. ശരദ് പവാര്‍ ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. മരുമകനായ അജിത് പവാറിനെ ബി.ജെ.പി പാളയത്തിലെത്തിച്ചത് ശരദ് പവാര്‍ തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിശ്വസിക്കുന്നത്. യു.പി.എയില്‍ നിന്നും പുറത്താകുമെന്ന് കണ്ടാണ് പവാര്‍ ഇപ്പോള്‍ ചുവട് മാറ്റിയിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ്സ് നേത്യത്വവും സംശയിക്കുന്നത്.

രാജ്യത്തെ വ്യാവസായിക തലസ്ഥാനമായ മുംബൈയെ കൈവിട്ടൊരു കളിക്ക് ബി.ജെ.പി എന്തായാലും തയ്യാറാവുകയില്ല. അതു കൊണ്ടാണ് നേരം ഇരുട്ടിവെളുക്കും മുന്‍പ് തന്നെ ഫട്‌നാവിസ് അജിത് പവാറിനെയും ഒപ്പം കൂട്ടി സര്‍ക്കാറുണ്ടാക്കിയിരിക്കുന്നത്. എത്ര എന്‍.സി.പി എം.എല്‍.എമാര്‍ അജിത് പവാറിനൊപ്പം ഉണ്ട് എന്നത് വിശ്വാസ വോട്ട് ദിവസം മാത്രമേ ഇനി വ്യക്തമാവുകയൊള്ളൂ.

കോണ്‍ഗ്രസ്സ്, ശിവസേന എം.എല്‍.എമാരുടെ കാര്യവും ഏതാണ്ട് ഇതൊക്കെ തന്നെയാണ്. ഉന്നത നേതാക്കള്‍ക്ക് പോലും ഉറക്കമളച്ച് സ്വന്തം എം.എല്‍.എമാര്‍ക്ക് കാവല്‍ നില്‍ക്കേണ്ടി വരുന്നത് ഈ പാര്‍ട്ടികളുടെയെല്ലാം ഗതികേടിനെയാണ് സൂചിപ്പിക്കുന്നത്. ഇവിടെയാണ് വിനോദ് നികോളെയും സി.പി.എമ്മും വ്യത്യസ്തമാകുന്നത്. ഒരു സൈക്കിള്‍ മാത്രമുള്ള നികോളെയെ സ്വാധീനിക്കാന്‍ നോട്ടുകെട്ടുകള്‍ക്ക് കഴിയുന്നില്ലങ്കില്‍ ആ രാഷ്ട്രീയ ബോധത്തിനാണ് നാം കയ്യടിക്കേണ്ടത്.

നിക്കോളെയെ പോലെ തികച്ചും സാധാരണക്കാരനായ ഒരു എം.എല്‍.എ നമ്മുടെ ഈ കൊച്ചു കേരളത്തിലുമുണ്ട്. അത് മറ്റാരുമല്ല, കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രനാണ്.

വിനോദ് നിക്കോളയെ പോലെ സൈക്കിള്‍ തന്നെയാണ് ഈ സി.പി.എം നേതാവിന്റെയും ഇഷ്ടവാഹനം. ഒരു ചെരിപ്പ് പോലും ധരിക്കാതെയാണ് പതിറ്റാണ്ടുകളായി ശശീന്ദ്രന്‍ പൊതു പ്രവര്‍ത്തനം നടത്തി വരുന്നത്. ഒരു കമ്യൂണിസ്റ്റുകാരന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന് ജീവിച്ച് കാണിച്ചു തരുന്നവരാണ് ഈ രണ്ട് എംഎല്‍എമാരും.

കല്‍പ്പറ്റ മണ്ഡലം രൂപം കൊണ്ടതിനു ശേഷം ഇതാദ്യമായാണ് ശശീന്ദ്രനിലൂടെ ഒരു സി.പി.എം എം.എല്‍.എ ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. പരാജയപ്പെടുത്തിയത് നിസാരക്കാരനെയല്ല, സംസ്ഥാനത്തെ ശക്തമായ മാധ്യമ ശൃംഖലയുടെ മേധാവിയായ എം.വി.ശ്രേയാംസ് കുമാറിനെ.

പണത്തിനും പവറിനും മീതെ ശശീന്ദ്രനും പറക്കും എന്ന് തെളിയിച്ച ജനവിധിയായിരുന്നു അത്. ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും സമര നായകനാണ് ഈ കുറിയ മനുഷ്യന്‍.

അതിരാവിലെ എഴുന്നേറ്റ് പശുക്കളെ കറന്ന് പാല്‍പാത്രവുമായി കല്‍പ്പറ്റയിലെ നഗര വീഥികളിലൂടെ നഗ്‌നപാദനായി ഒരു എം.എല്‍.എ നടക്കുന്നത് സിനിമയില്‍ പോലും ഒരു പക്ഷേ നമ്മള്‍ കണ്ടിട്ടുണ്ടാകില്ല.

എന്നാല്‍ കല്‍പ്പറ്റ നിവാസികള്‍ക്ക് ഇത് പതിവ് കാഴ്ചയാണ്. പഴയ ആളുകള്‍ക്ക് മാത്രമല്ല, പുതു തലമുറയില്‍പ്പെട്ടവരും ഓര്‍മ്മവെച്ച കാലം മുതല്‍ ശശീന്ദ്രനെ കാണുന്നത് ഇങ്ങനെയാണ്. തീര്‍ന്നില്ല. . പശുക്കളെ കുളിപ്പിക്കുന്നതും പച്ചക്കറി നട്ട് നനക്കുന്നതുമെല്ലാം ഈ കമ്യൂണിസ്റ്റിന്റെ ദിനചര്യകളില്‍ ഉള്‍പ്പെടുന്നവയാണ്.

പ്രത്യയ ശാസ്ത്രവും ജീവിതവും രണ്ടല്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ശശീന്ദ്രന് മുന്നില്‍ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഏതൊരാള്‍ക്കും തങ്ങളില്‍ ഒരുവനായി മാത്രമേ ഇദ്ദേഹത്തെ കാണാന്‍ പറ്റൂകയുള്ളു. സഹജീവിയുടെ വേദനകള്‍ സ്വന്തം ഹൃദയത്തിലേറ്റ് വാങ്ങുന്ന ശശീന്ദ്രന്‍ അഴിമതിക്കാരുടെ കണ്ണിലെ കരടാണ്. പൊതുവെ സൗമ്യനാണെങ്കിലും സമരമുഖങ്ങളില്‍ കത്തുന്ന പ്രക്ഷോഭകാരിയെയാണ് ഈ കമ്യുണിസ്റ്റില്‍ ദര്‍ശിക്കാന്‍ കഴിയുക.

ശശീന്ദ്രനും വിനോദ് നിക്കോളെയും നല്‍കുന്ന സന്ദേശം ഈ രാജ്യത്തിന് തന്നെ മാതൃകാപരമാണ്. ഇങ്ങനെയുള്ള ജനപ്രതിനിധികളാണ് ഈ പുതിയ കാലത്തും ജനങ്ങളുടെ യാഥാര്‍ത്ഥ ഹീറോകള്‍

Political Reporter

Top