മോദിയുടെയും അമിത് ഷായുടെയും മുഖത്തേറ്റ രാഷ്ട്രീയ പ്രഹരമാണ് ഈ വിധി; കെ.സി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി ഉത്തരവ് വലിയ രാഷ്ട്രീയ വിജയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. സുപ്രീം കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് പറഞ്ഞ അദ്ദേഹം ബിജെപി നാണംകെട്ട് ഇറങ്ങിപ്പോകുമെന്നും അദ്ദേഹം പഞ്ഞു.

‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും മുഖത്തേറ്റ രാഷ്ട്രീയ പ്രഹരമാണ് ഈ വിധി. ഭരണഘടനാ ദിനത്തില്‍ തന്നെ ഇത്തരമൊരു വിധി വന്നത് ജനാധിപത്യത്തിന്റെ വിജയമാണ്,’ എന്നും വേണുഗോപാല്‍ പറഞ്ഞു. ആത്മാഭിമാനം വല്ലതും ബാക്കിയുണ്ടെങ്കില്‍ മുഖ്യമന്ത്രി ഫഡ്നവിസ് സ്ഥാനം രാജിവച്ച് ഒഴിയണമെന്നും വേണുഗോപാല്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സുപ്രീംകോടതിയെ സമീപിച്ചത്. ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത ഇവര്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് മഹാരാഷ്ട്രയില്‍ ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

Top