മുംബൈ: മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ നടന്ന ദളിത്-മറാത്ത സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് ഹിന്ദു നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാതി സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഹിന്ദു ഏക്ത അഘാഡി നേതാവ് മിലിന്‍ എക്‌ബോതെ, ശിവ് പ്രതിസ്ഥാന്‍ സംഘടനയുടെ നേതാവ് സംഭാജി ഭിഡെ എന്നിവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഗുജറാത്ത് എം.എല്‍.എ ജിഗ്‌നേഷ് മേവാനി, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് എന്നിവര്‍ക്കെതിരെ പൊലീസില്‍ പരാതിയും ലഭിച്ചിട്ടുണ്ട്.. ഡിസംബര്‍ 31ന് നടന്ന പരിപാടിയില്‍ വിവാദപ്രസംഗം നടിത്തിയെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അതേസമയം, മുംബൈയില്‍ ദളിത് സംഘടനകള്‍ നടത്തിയ ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചു. സമരക്കാര്‍ വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു. വിക്രോലിയില്‍ കാര്‍ ഷോറൂം ആക്രമിക്കുകയും ചെയ്തു. മാത്രമല്ല, ബാന്ദ്രയിലേക്കുള്ള രണ്ട് പ്രധാന റോഡുകള്‍ പ്രക്ഷോഭകര്‍ ഉപരോധിച്ചു. റോഡുകളില്‍ ടയറുകളും മറ്റും കൂട്ടിയിട്ട് കത്തിച്ചായിരുന്നു പ്രതിഷേധം. പലയിടത്തും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.
നാഗ്പൂര്‍. പൂനെ, ബാരാമതി എന്നിവിടങ്ങളില്‍ പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ബാരാമതിയിലാണ് ബന്ദ് ഏറ്റവും ബാധിച്ചത്. ബാരാമതിയില്‍ ഒരു കട പോലും തുറന്നില്ല. ശംഘിലിയിലും മിറാജിലും ഇതേ സ്ഥിതി തന്നെയായിരുന്നു.