ബൈക്ക് അപകടത്തില്‍പ്പെട്ട യുവതിയുടെ പണം അപഹരിക്കാന്‍ ശ്രമിച്ച വനിത പൊലീസ് അറസ്റ്റില്‍

arrest

പൂനെ: മുംബൈ ഹൈവേയില്‍ ബൈക്ക് അപകടത്തിപ്പെട്ട യുവതിയുടെ കൈയ്യില്‍ നിന്നും വനിത പൊലീസ് പണം അപഹരിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് വനിത പൊലീസിനെ അറസ്റ്റ് ചെയ്തു.. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. യുവതിയുടെ കൈയ്യിലുണ്ടായിരുന്ന അമ്പതിനായിരം രൂപയാണ് വനിത പൊലീസ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

എംബിഎ വിദ്യാര്‍ഥിയായ പ്രണിത നന്ദ കിഷോര്‍ ബേന്ദ്ര തന്റെ അച്ഛനൊപ്പം പണമടയ്ക്കാന്‍ ബാങ്കില്‍ പോകുന്നതിനിടെ എതിരെ വന്ന മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുംബൈയിലെ തലെഗോവന്‍ പൊലീസ് സ്റ്റേഷനു സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. അപ്പോള്‍ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന വനിത പൊലീസ് സ്വാതി ജാദവാണ് ഇവര്‍ക്ക് വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിച്ചത്.

പരുക്കേറ്റ മൂന്നു പേരെയും ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ട വനിത പൊലീസ്, പ്രണിതയുടെ ബാഗ് സൂക്ഷിക്കാമെന്ന് പറഞ്ഞ് സ്റ്റേഷനില്‍ വാങ്ങിവെക്കുകയായിരുന്നു. എന്നാല്‍ വൈകുന്നേരം പണമടങ്ങിയ ബാഗ് തിരികെ വാങ്ങാന്‍ സ്റ്റേഷനില്‍ എത്തിയ പ്രണിതയോട് ബാഗ് കാണാനില്ലെന്ന മറുപടിയായിരുന്നു വനിത പൊലീസ് നല്‍കിയത്.

തുടര്‍ന്ന്, പൊലീസ് അധികൃതര്‍ സ്റ്റേഷന്‍ മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും ബാഗ് ലഭിച്ചിരുന്നില്ല. ഒടുവില്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ബാഗ് വനിത പൊലീസ് മാറ്റിവെച്ചതായി വിവരം ലഭിച്ചത്. തുടര്‍ന്ന് വനിത പൊലീസ് കുറ്റം ഏറ്റു പറയുകയായിരുന്നു.സംഭവത്തില്‍ റൂറല്‍ പൊലീസ് സ്വാതി ജാദവിനെ അറസ്റ്റു ചെയ്ത് മജസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.

Top