മുംബൈ: രാജ്യത്തെ ഏറ്റവും ഉയരമുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയേക്കാള്‍ വലിയ രാമപ്രതിമ നിര്‍മ്മിക്കുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് വെല്ലുവിളിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയിലെ ഛത്രപതി ശിവജിയുടെ പ്രതിമ ഉയരം കൂട്ടി നിര്‍മിക്കുമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാമപ്രതിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതോടെയാണ് ശിവാജി പ്രതിമയുടെ ഉയരം കൂട്ടാനുള്ള തീരുമാനം മഹാരാഷ്ട്ര സര്‍ക്കാര്‍ എടുത്തത്. ഛത്രപതി ശിവജി സ്മാരക പദ്ധതി പൂര്‍ത്തീകരണ നിരീക്ഷണ കോര്‍ഡിനേഷന്‍ സമിതിയുടെ ചെയര്‍മാനായ വിനായക് മീതെയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ 212 മീറ്റര്‍ ഉയരമുള്ള ശിവാജി പ്രതിമ നിര്‍മ്മിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാമപ്രതിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതോടെയാണ് ശിവാജി പ്രതിമയുടെ ഉയരം 212ല്‍ നിന്ന് 230 മീറ്ററാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിനായക് മീതെ വ്യക്തമാക്കി.
രാമ പ്രതിമ നിര്‍മ്മാണത്തിന്റെ ഔദ്യോഗിക ഉത്തരവ് യു പി സര്‍ക്കാര്‍ പുറത്ത് വിട്ട ശേഷം ശിവാജി പ്രതിമയുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും വിനായക് പറഞ്ഞു.
അറബിക്കടലിലാണ് ഛത്രപതി ശിവാജിയുടെ പ്രതിമ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. ശിവാജിയുടെ രൂപം, കുതിര, വാള്‍, അതു നില്‍ക്കുന്ന പ്ലാറ്റ്‌ഫോം എന്നിവ അടങ്ങുന്നതാണ് പ്രതിമയുടെ നിലവിലെ ഉയരമായ 212 മീറ്റര്‍. വാളിന്റെ ഉയരം 38 മീറ്ററും പ്രതിമയുടെ ഉയരം 83.2 മീറ്ററുമായാണ് നേരത്തേ നിശ്ചയിച്ചിരുന്നത്.
ആഴക്കടലില്‍ പ്രത്യേക ദ്വീപ് പോലെ ക്രമീകരിച്ച് നാലു വശവും ശിവാജിയുടെ കോട്ടയെ അനുസ്മരിപ്പിക്കുന്ന മതില്‍ തീര്‍ത്താണ് അതിനകത്ത് പ്രതിമ സ്ഥാപിക്കുന്നത്. സന്ദര്‍ശക ജെട്ടി, സന്ദര്‍ശകരുടെ വിശ്രമകേന്ദ്രം, മ്യൂസിയം, ആര്‍ട് ഗാലറി, ഭക്ഷണശാല, കാഴ്ചഗാലറി എന്നിവയും ഇവിടെയുണ്ടാകും.
അയോധ്യയിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാമ പ്രതിമ നിര്‍മിക്കുന്നത്. 151 മീറ്ററാണ് രാമ പ്രതിമയുടെ ഉയരം. 50 മീറ്റര്‍ ഉയരമുളള പീഠവും 20 മീറ്റര്‍ ഉയരമുളള കുടയും കൂടി ചേര്‍ന്ന് പ്രതിമയ്ക്ക് 221 മീറ്റര്‍ ഉയരം ഉണ്ടാകും.