മുംബൈ: മഹരാഷ്ട്രയില്‍ അഞ്ചു സ്ത്രീകളേയും പുരുഷനേയും തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ ഡോക്ടര്‍ കുറ്റം സമ്മതിച്ചു.
സതാര സ്വദേശിയും ‘മരണ ഡോക്ടര്‍’ എന്നറിയപ്പെടുകയും ചെയ്യുന്ന ഡോ.സന്തോഷ് പോളിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍, മരുന്ന് കുത്തിവച്ചാണ് എല്ലാവരേയും കൊന്നതെന്ന് പോള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
സല്‍മാ ഷെയ്ക്, ജഗാബായ് പോള്‍, സുരേഖ ഛികേന്‍, വനിതാ ഗെയ്ക്ക്‌വാദ്, നഥമല്‍ ഭണ്ഡാരെ, മംഗള്‍ ജെധെ എന്നിവരെയാണ് ഡോ.പോള്‍ കൊലപ്പെടുത്തിയത്.
പൂര്‍വ പ്രാഥമിക് ശിക്ഷിക സേവലിക സംഘിന്റെ പ്രസിഡന്റായിരുന്ന മംഗള്‍ ജെധെയെ കാണാതായത് സംബന്ധിച്ച വിശദമായ അന്വേഷണത്തിലാണ് പോളിന്റെ പങ്ക് വെളിവായത്.
പൂനെയിലെ വൈ നഗരത്തില്‍ മകളുടെ പ്രസവത്തിനായി മുംബൈയില്‍ നിന്ന് പോയ ജെധെയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയായിരുന്നു. പൂനെയിലേക്ക് പോവുന്നതിന് മുമ്പ് ഡോ.പോളുമായി ബന്ധപ്പെട്ടിരുന്നു.
പോളും സഹായിയായ നഴ്‌സ് ജ്യോതി മന്ദ്രെയും ചേര്‍ന്നാണ് ജെധെയെ തട്ടിക്കൊണ്ടു പോയത്. വഴിയില്‍ ബസ് കാത്തു നില്‍ക്കുകയായിരുന്ന ജെധെയെ ഇരുവരും ചേര്‍ന്ന് 13 കിലോമീറ്റര്‍ അകലെയുള്ള പോളിന്റെ ഫാം ഹൗസിലേക്ക് ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു.
അടുത്ത ദിവസം പോളും മന്ദ്രെയും ചേര്‍ന്ന് അമിത അളവില്‍ മരുന്ന് കുത്തിവച്ച് ജെധൈയെ കൊന്നു. പിന്നീട് മൃതദേഹം ഫാംഹൗസിലെ വിജനപ്രദേശത്ത് കുഴിച്ചിട്ടു. പിന്നീട് ഇരുവരും ഒളിവില്‍ പോയി.
തുടര്‍ന്ന് സംഘടന നല്‍കിയ പരാതിയിലാണ് സി.ഐ.ഡി അന്വേഷണം നടത്തിയത്. മന്ദ്രെയുടെ ഒളിത്താവളം കണ്ടെത്തിയ പൊലീസ് അവരെ അറസ്റ്റു ചെയ്തു.
മന്ദ്രെ പറഞ്ഞത് പ്രകാരമാണ് പോള്‍ ഒളിച്ചിരുന്ന, മുംബയിലെ ദാദറില്‍ നിന്ന് ആഗസ്റ്റ് 13ന് പൊലീസ് അയാളെ അറസ്റ്റു ചെയ്തത്.
കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് പൊലീസ് ഫാംഹൗസിലെത്തി മറവ് ചെയ്ത മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തി. പോളിനെ ഒരാഴ്ചയും മന്ദ്രെയെ നാലു ദിവസവും പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
മംഗള്‍ ജെധെയുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്ന് പോള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, മന്ദ്രെയുമായുള്ള പോളിന്റെ ബന്ധം അറിഞ്ഞ ജെധെ അത് പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഇതോടെയാണ് ജെധെയെ കൊല്ലാന്‍ പോളും മന്ദ്രെയും ചേര്‍ന്ന് പദ്ധതിയിട്ടത്. വിശദമായ ചോദ്യം ചെയ്യലില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ താന്‍ മറ്റ് നാല് സ്ത്രീകളേയും ഒരു പുരുഷനേയും കൊന്നതായി പോള്‍ വെളിപ്പെടുത്തി.
പുരുഷനെ കൊന്ന് റിസര്‍വോയറില്‍ താഴ്ത്തിയെന്നും പോള്‍ പറഞ്ഞു. പോള്‍ കൊന്ന മറ്റുള്ള സ്ത്രീകളുടെ മൃതദേഹങ്ങള്‍ ഫാം ഹൗസില്‍ നിന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചു.