സ്പീക്കറെ തിരഞ്ഞെടുക്കാതെ വിശ്വാസവോട്ടെടുപ്പ്; നടപടികള്‍ ബഹിഷ്‌കരിച്ച് ബിജെപി

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സഖ്യ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് നിയമപരമായിട്ടല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി സഭയില്‍ ബഹളം വച്ചു. മഹാരാഷ്ട്രയുടെ ചരിത്രത്തില്‍ ഇതുവരെ സ്പീക്കറെ തിരഞ്ഞെടുക്കാതെ വിശ്വാസവോട്ടെടുപ്പു നടത്തിയിട്ടില്ലെന്നും എന്തിനാണു ഭയപ്പെടുന്നതെന്നും ഫഡ്നാവിസ് ചോദിച്ചു. പ്രോടെം സ്പീക്കറെ മാറ്റിയതിനുള്ള കാരണം വ്യക്തമല്ലെന്നും ഭരണഘടനാ വിരുദ്ധമായ നടപടികള്‍ ബഹിഷ്‌കരിക്കുമെന്നും ബിജെപി അറിയിച്ചു. മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ വ്യാപകമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ഫഡ്നാവിസ് ആരോപിച്ചു.

ഡിസംബര്‍ മൂന്നിനകം ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കൊഷ്യാരി ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇത് എത്രയും വേഗം നടത്താന്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസുമടങ്ങുന്ന മഹാ വികാസ് ആഘഡി തീരുമാനിക്കുകയായിരുന്നു. ചില സ്വതന്ത്രരുടെ
പിന്തുണയടക്കം വിശ്വാസ വോട്ടെടുപ്പില്‍ 165 വോട്ട് ലഭിക്കുമെന്നാണ് ആഘഡിയുടെ കണക്കുകൂട്ടല്‍. 288 അംഗ നിയമസഭയില്‍ ഭരണം ഉറപ്പാക്കാന്‍ 145 പേരുടെ പിന്തുണ മതി. ബിജെപി-105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ്-44 എന്നിങ്ങനെയാണു സീറ്റ് നില.

ഭൂരിപക്ഷം തെളിയിച്ച ശേഷമായിരിക്കും പദവികള്‍ സംബന്ധിച്ച വിശദമായ ചര്‍ച്ച. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് അജിത് പവാറിനെ എന്‍സിപി പരിഗണിച്ചേക്കുമെന്നാണ് സൂചന. പാര്‍ട്ടിയിലും എംഎല്‍എമാര്‍ക്കിടയിലും അദ്ദേഹത്തിനുള്ള സ്വാധീനം അവഗണിക്കാനാവില്ല എന്നതാണ് കാരണം.

സുപ്രീംകോടതി നിര്‍ദേശപ്രകാരം തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. നാടകീയ നീക്കങ്ങളോടെ സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസ് രാജിവെച്ചതിനു ശേഷം ഉദ്ധവ് താക്കറെ വ്യാഴാഴ്ച വന്‍സന്നാഹങ്ങളോടെ സത്യപ്രതിജ്ഞ ചെയ്തു. പുതിയ സ്പീക്കര്‍ നാളെ തെരഞ്ഞെടുക്കപ്പെടും. സേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം നാനാ പത്തോലെയെ പിന്തുണക്കുമ്പോള്‍ കിഷന്‍ കത്തോര്‍ ആണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി.

Top