maharastra-3 steel plant locked

ലാത്തൂര്‍: മഹാരാഷ്ട്രയിലെ മറാത്ത്‌വാഡപ്രദേശത്തുള്ള ലാത്തൂരില്‍ വളരെ ലാഭകരമായാണ് മഹേഷ് മലംഗ് തന്റെ ബിസിനസ് നടത്തികൊണ്ടിരുന്നത്. 2011 അദ്ദേഹത്തിന്റെ നൂറുകോടി വിലമതിക്കുന്ന മൂന്ന് സ്റ്റീല്‍ പ്ലാന്റുകള്‍ 300 ടണ്‍ സ്റ്റീലായിരുന്നു ഒരു ദിവസം ഉത്പാദിപ്പിച്ചിരുന്നത്. കൂടാതെ 1700 പേര്‍ അവിടെ ജോലിചെയ്യുന്നുമുണ്ടായിരുന്നു. ഇന്ന് എല്ലാ തൊഴിലാളികളും ഇവിടെ നിന്നും തിരിച്ചുപോയി. വെള്ളം ഇല്ലാത്തതു മൂലം സ്റ്റീല്‍ പ്ലാന്റ് പൂട്ടിയിരിക്കുകയാണ്.

കഴിഞ്ഞ എട്ടുമാസമായി ചൈനീസ് ഉത്പന്നങ്ങളുമായി മത്സരിക്കാന്‍ പാടുപെടുകയാണ് മലംഗ്. ഒരു ദിലസം മൂന്നു ലക്ഷം ലിറ്റര്‍ വെള്ളം ലഭ്യമാക്കാന്‍ കഴിയാത്തതുമൂലമാണ് അദ്ദേഹം പ്ലാന്റ് പൂട്ടിയത്. അയ്യായിരം ആറായിരം ലിറ്റര്‍ വെള്ളം കൊണ്ടുവരുന്ന ഒരു ടാങ്കറിന് ആയിരം രൂപയാണ് നല്‍കേണ്ടത്. ബിഹാറില്‍ നിന്നും യു.പിയില്‍ നിന്നുമുള്ളവരായിരുന്നു കൂടുതല്‍ തൊഴിലാളികളും. ഇപ്പോള്‍ മലംഗിനെ കൂടാതെ മാനേജരായ ലാത്തൂര്‍ സ്വദേശി സുധീര്‍ വാഡ്‌ഗോണ്‍ക്കര്‍, വാച്ചുമാനായ ദിഗംബര്‍ ദയാന്‍ എന്നിവരാണ് ശേഷിക്കുന്നത്. ഒരിക്കല്‍ പ്ലാന്റിനുള്ളില്‍ സ്‌ഫോടനം ഉണ്ടായപ്പോള്‍ രണ്ടു ദിവസം അടച്ചിട്ടിരുന്നതല്ലാതെ പ്ലാന്റ് മുമ്പെങ്ങും അടച്ചിടേണ്ടി വന്നിട്ടില്ല.

നേരിട്ടുള്ള വൈദ്യുതിക്കായി പത്തുകോടി രൂപ മുന്‍പ് തന്നെ നിക്ഷേപിച്ചിട്ടുണ്ട്. വൈദ്യുതി ബില്‍ ഒരു മാസം അഞ്ച് കോടിയാണ്. നല്ല രീതിയിലായിരുന്നു ബിസിനസ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലേക്ക് എഴുപത്എണ്‍പത് ട്രക്ക് ഉത്പന്നങ്ങള്‍ സ്ഥിരം കൊണ്ടുപോകുമായിരുന്നു. ഉത്പാദനം നിലച്ചതിനു ശേഷം വൈദ്യുതി വിച്ഛേദിച്ചു. അല്ലെങ്കില്‍ വൈദ്യുതി ഉപയോഗിക്കാതിരുന്നാലും മാസം ഒരു കോടി ബില്‍ അടയ്‌ക്കേണ്ടി വരും. മലംഗിന്റെ ബിസിനസ് പൂട്ടിയതു കൊണ്ട് നഷ്ടം അദ്ദേഹത്തിന് മാത്രമല്ല. പ്ലാന്റിലെ ജീവനക്കാര്‍ക്കായി കാന്റീന്‍ നടത്തിയിരുന്ന ലക്ഷമണ്‍ ജാദവിനും അത് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ദിവസം 15000 രൂപ വരെ വരുമാനം ലഭിച്ചിരുന്നിടത്ത് തൊഴിലാളികള്‍ പോയതിനു ശേഷം കിട്ടുന്നത് മൂന്നുരൂപയ്ക്കടുത്തു മാത്രമാണ്. മഴ പെയ്യുമെന്ന വിശ്വാസത്തില്‍ മാത്രമാണ് ഇവിടുള്ളവര്‍ ജീവിക്കുന്നത്. എങ്കില്‍ മാത്രമേ വീണ്ടും സ്റ്റീല്‍ പ്ലാന്റ് തുറക്കുകയും എല്ലാവരുടെയും ജീവിതം വീണ്ടും പഴയപോലെയാകുകയും ചെയ്യുമെന്ന് ജാദവ് പറയുന്നു. ഇതൊരു സ്റ്റീല്‍ പ്ലാന്റിന്റെ മാത്രം കഥയല്ല മഹാരാഷ്ട്രയിലെ കൃഷി അധിഷ്ഠിത വ്യവസായങ്ങളുടെയും മറ്റ് ചെറുകിയവ്യവസായങ്ങളുടെയും സ്ഥിതിയിതാണ്.

Top