മുംബൈ: ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഫഡ്നാവിസും ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്കു രാജിക്കത്തു കൈമാറുകയായിരുന്നു.
കാവല്‍മന്ത്രിസഭയുടെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാന്‍ ഇരിക്കെയാണ് ഫഡ്നാവിസ് രാജി സമര്‍പ്പിച്ചത്. രാജിപ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ഫഡ്‌നവിസ് വികസന നേട്ടങ്ങള്‍ ആവര്‍ത്തിച്ചു. ജനങ്ങള്‍ നല്‍കിയ പിന്തുണക്ക് നന്ദി പറഞ്ഞ അദ്ദേഹം ശിവസേനയുടെ വാദങ്ങള്‍ തള്ളി. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാമെന്ന് ഒരിക്കലും ശിവസേനയ്ക്ക് ഉറപ്പ് നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ദവ് താക്കറെയുമായി പല തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചെന്ന് പറഞ്ഞ ബിജെപി നേതാവ് ഉദ്ദവ് ഒരിക്കലും ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നും കുറ്റപ്പെടുത്തി.പല തവണ ഫോണില്‍ വിളിച്ചു നേരിട്ട് കാണാന്‍ ശ്രമിച്ചുവെന്നും ഉദ്ദവിന്റെ നിലപാട് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും ശിവസേനയും മുന്നണിയായി മത്സരിച്ചിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സേന ചര്‍ച്ച നടത്തിയത് പ്രതിപക്ഷ പാര്‍ട്ടികളുമായി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ശിവസേനയുടെ പ്രകോപനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.