മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. മഹാ വികാസ് അഘാഡി യോഗത്തില്‍ പങ്കെടുത്തു ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി എംഎല്‍എമാരുമായി സംസാരിക്കവെയായിരുന്നു ഉദ്ധവിന്റെ പരാമര്‍ശം.
മുഖ്യമന്ത്രിയാകാന്‍ അവസരം ലഭിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു നന്ദി പറഞ്ഞ ഉദ്ധവ്, പരസ്പരം വിശ്വാസമര്‍പ്പിച്ച് രാജ്യത്തിനു മറ്റൊരു പാത തുറന്നുനല്‍കുകയാണെന്നും വ്യക്തമാക്കി.
താന്‍ ആരെയും ഒന്നിനെയും ഭയക്കുന്നില്ല. കളവ് ഹിന്ദുത്വത്തിന്റെ ഭാഗമല്ല. ആവശ്യമുള്ളപ്പോള്‍ കെട്ടിപ്പിടിക്കുകയും ആവശ്യം കഴിയുമ്പോള്‍ ഉപേക്ഷിക്കുകയും ചെയ്യുന്ന നയമാണ് ബിജെപി പിന്തുടര്‍ന്നത്. ശിവസേനയെ അകറ്റിനിര്‍ത്താനാണ് ബിജെപി പരിശ്രമിച്ചതെന്നും ഉദ്ധവ് കുറ്റപ്പെടുത്തി.
എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേനാ സഖ്യം- മഹാ വികാസ് അഘാഡിയുടെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായുമായി ഉദ്ധവ് താക്കറേയെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള പ്രമേയം ത്രികക്ഷി എം.എല്‍.എമാര്‍ ഏകകണ്‌ഠേനയാണ് പാസാക്കിയത്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചതിന് പിന്നാലെയാണ് ത്രികക്ഷി സഖ്യത്തിന്റെ സംയുക്ത യോഗം ചേര്‍ന്നത്.
സഖ്യ നേതാക്കൾ ചൊവ്വാഴ്ച രാത്രി ഗവർണർ ഭഗത് സിങ് കോഷിയാരിയെ കാണും. ഡിസംബർ 1 നു മുംബൈ ശിവാജി പാർക്കിൽ നടക്കുന്ന ചടങ്ങിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നു എൻസിപി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചു.