ഭോപ്പാല്‍: മധ്യപ്രദേശില്‍ മഹാസഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത് ബി.എസ്.പി നേതാവ് മായാവതിയുടെ കടുംപിടുത്തമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ്.
സീറ്റ് പങ്കുവെക്കുന്നത് സംബന്ധിച്ച് മായാവതിയുടെ അകാരണമായ കടുംപിടുത്തമാണ് സഖ്യ സാധ്യത ഇല്ലാതാക്കിയതെന്ന് കമല്‍ നാഥ് പറഞ്ഞു. കോണ്‍ഗ്രസും ബി.എസ്.പിയും ചേര്‍ന്ന് സഖ്യം രൂപീകരിച്ച് ബി.ജെ.പിയെ പ്രതിരോധിക്കാം എന്നാണ് കരുതിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മധ്യപ്രദേശില്‍ 22 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ശേഷം സഖ്യസാധ്യതക്കുള്ള ശ്രമത്തിലായിരുന്നു കോണ്‍ഗ്രസ്. 50 സീറ്റുകളാണ് മായാവതി ചോദിച്ചത്. 15 എണ്ണം നല്‍കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ 3000ത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ പല സീറ്റുകളിലും ബി.എസ്.പിക്ക് ആയിട്ടില്ല. ബി.എസ്.പി വിജയിക്കില്ലെന്ന് ഉറപ്പുള്ള സീറ്റുകള്‍ അവര്‍ക്ക് നല്‍കുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാകുമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ അവസ്ഥയാണ് മധ്യപ്രദേശില്‍ ബി.എസ്.പിക്ക് ഉള്ളത്. സഖ്യം ചേര്‍ന്ന് യു.പിയില്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മായാവതി അത് അംഗീകരിക്കുമോ എന്ന് കമല്‍നാഥ് ചോദിച്ചു.
6.3 ശതമാനം വോട്ടുകളാണ് ബി.എസ്.പിക്ക് മധ്യപ്രദേശിലുള്ളത്. അവരാണ് 50 സീറ്റുകള്‍ ചോദിക്കുന്നത്. ഇത് അനുവദിച്ചാല്‍ സീറ്റുകള്‍ ബി.ജെ.പിക്ക് സമ്മാനം നല്‍കുന്നതുപോലെയാകും. അതുകൊണ്ടാണ് സഖ്യം സാധ്യമാകാതിരുന്നത് എന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.
രാഹുല്‍ കടുംപിടിത്തവുമായി നടക്കുകയാണെന്നും ബി.എസ്.പിയെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ആരോപിച്ച് കഴിഞ്ഞദിവസം ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യം അവസാനിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിനെ വിശാല ഹൃദയത്തോടെ സമീപിക്കണമെന്നും ചെറിയ പാര്‍ട്ടികള്‍ അവരുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അഖിലേഷും വ്യക്തമാക്കിയിരുന്നു.