ക്വലാലംപൂര്‍: മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. യുനൈറ്റഡ് ഇന്‍ഡീജിനസ് പാര്‍ട്ടിയാണ് മഹാതീറിന്റെ അംഗത്വം മരവിപ്പിച്ചതായി അറിയിച്ചത്.
മുഹ്യുദ്ദീന്‍ യാസീന്‍ പ്രധാനമന്ത്രിയായുള്ള പുതിയ സര്‍ക്കാരിനെ പിന്തുണക്കാത്തതിനാലാണ് പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മഹാതീറിനെ നീക്കിയത്. അദ്ദേഹം രൂപീകരിച്ച പാര്‍ട്ടിയാണിത്. ഇതു സംബന്ധിച്ച് പാര്‍ട്ടി കത്തയക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ മഹാതീര്‍ തയാറായില്ല.
ഫെബ്രുവരിയിലാണ് 95കാരനായ മഹാതീര്‍ പ്രധാനമന്ത്രിസ്ഥാനം രാജിവെച്ചത്. പഴയ രാഷ്ട്രീയ എതിരാളി അന്‍വര്‍ ഇബ്രാഹീം പ്രധാനമന്ത്രിയാകുന്നത് തടയാനായിരുന്നു രാജിപ്രഖ്യാപനം. എന്നാല്‍ വീണ്ടും പ്രധാനമന്ത്രിയാകാനുള്ള മഹാതീറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മലേഷ്യന്‍ രാജാവ് യാസീനെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്നു യാസീന്‍.