കഴിഞ്ഞ നൂറ്റാണ്ടിൽ കേരളത്തിലെ പ്രളയം, മഹാത്മാഗാന്ധി സമാഹരിച്ചത് 6000 രൂപ !

ന്യൂഡല്‍ഹി: 1924ല്‍ കേരളത്തിലുണ്ടായ പ്രളത്തെ ‘അവിശ്വസനീയം’ എന്നാണ് മഹാത്മാഗാന്ധി വിശേഷിപ്പിച്ചത്. 6,000 രൂപ അന്ന് അദ്ദേഹം സമാഹരിച്ചു!!. ഇപ്പോഴുള്ളതിന് സമാനമായ ദുരന്തമാണ് അന്നും കേരളത്തില്‍ ഉണ്ടായത്.

യെങ് ഇന്ത്യയിലും നവജീവനിലും പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെ കേരളത്തിനായി ഫണ്ട് സ്വരൂപിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സ്ത്രീകളടക്കം തങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വരെ ഊരിക്കൊടുത്ത് കേരളത്തിനൊപ്പം നിന്നു. പലരും ഒരു നേരത്ത്‌ ഭക്ഷണം ഒഴിവാക്കുകയും പാല്‍ കുടിക്കുന്നത് നിര്‍ത്തുകയും ചെയ്ത് പണം കണ്ടെത്തി. ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യാനായി ഒരു പെണ്‍കുട്ടി മൂന്ന്‌ പൈസ മോഷ്ടിച്ച കഥയും നവജീവനില്‍ ഗാന്ധി എഴുതിയ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. താന്‍ വിചാരിച്ചതിനേക്കാള്‍ വലുതായിരുന്നു തനിയ്ക്ക് ലഭിച്ച പ്രതികരണമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. ജനഹൃദയങ്ങളില്‍ അനുകമ്പ അസ്തമിച്ചിട്ടില്ലെന്ന് അന്ന് മഹാത്മാ ഗാന്ധി തന്റെ ലേഖനത്തില്‍ എഴുതി.

WhatsApp Image 2018-08-26 at 4.25.53 PM

മൂന്നാഴ്ചയാണ് 1924ലെ വെള്ളപ്പൊക്കം നീണ്ട് നിന്നത്. മൂന്നാര്‍, തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം, ആലുവ, മുവാറ്റുപുഴ, കുമരകം തുടങ്ങിയ മേഖലകളെല്ലാം അന്ന് വെള്ളത്തിനടിയിലായി. തിരുവനന്തപുരത്തെയും അന്ന്‌ പ്രളയം ബാധിച്ചിരുന്നു. മലയാളം കലണ്ടറിലെ കൊല്ലവര്‍ഷം 1099 ല്‍ നടന്ന പ്രളയമായിരുന്നതിനാല്‍ 99ലെ വെള്ളപ്പൊക്കം എന്നാണ് സാധാരണ ആളുകള്‍ ഈ പ്രളയത്തെ വിശേഷിപ്പിക്കാറ്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ ഇന്നത്തേതിന് സമാനമായ രീതിയില്‍ പെരിയാര്‍ കരകവിഞ്ഞൊഴുകുകയും വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

സ്വാതന്ത്രസമര നായകന്‍ കെ അയ്യന്‍ പിള്ള മഹാപ്രളയത്തിന്റെ ഓര്‍മ്മകള്‍ പങ്ക് വെച്ചിട്ടുണ്ട്. കുട്ടിയായിരുന്ന താന്‍ അന്ന് പ്രളയക്കെടുതികള്‍ അനുഭവിച്ചതായും, കേരളത്തിന് വലിയ നാശങ്ങളാണ് അന്നുണ്ടായതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. സാധാരണ ജീവിതം താറുമാറാകുകയും പലയിടത്തും ആളുകള്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ അഭയം പ്രാപിയ്ക്കുകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.

Floods in Kerala
ജൂലൈ 30ന്‌ പ്രളയത്തെക്കുറിച്ചറിഞ്ഞ മഹാത്മാഗാന്ധി അന്നത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും സര്‍ക്കാരിനും ജനങ്ങള്‍ക്കും വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കണമെന്നാവശ്യപ്പെട്ട് ടെലഗ്രാം അയച്ചു. മറ്റൊരു സന്ദേശത്തില്‍ താന്‍ കേരളത്തിനായി ഭക്ഷണവും വസ്ത്രങ്ങളും ശേഖരിക്കുന്നുണ്ടെന്നും അറിയിച്ചു.

1924 ആഗസ്റ്റ് 17 ന് അദ്ദേഹം നവജീവനില്‍ എഴുതിയ ലേഖനത്തില്‍ ഒരു സ്ത്രീ തന്റെ സ്വര്‍ണ്ണ മാലയും വളകളും ദുരിതാശ്വാസ നിധിയിലേയ്ക്ക് ഊരിക്കൊടുത്തതായി രേഖപ്പെടുത്തി. കുട്ടികള്‍ തങ്ങളുടെ പാദസ്വരങ്ങളടങ്ങുന്ന ആഭരണങ്ങള്‍ അന്ന് കേരളത്തിനായി സംഭാവന ചെയ്തു. അങ്ങനെ അനവധി ആളുകളാണ് അന്ന്‌ കേരളത്തിനായി ഓടിയെത്തിയത്.

ഇന്ന്, ഏകദേശം ഒരു നൂറ്റാണ്ടിനിപ്പുറം സമാന സംഭവങ്ങളാണ് ആവര്‍ത്തിക്കപ്പെടുന്നത്. 500 കോടി രൂപയാണ് ഇത് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എത്തിയത്. 20,000 രൂപയ്ക്ക് മുകളിലാണ് കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി ചെലവ് പ്രതീക്ഷിക്കുന്നത്.

Top